പത്തനംതിട്ട: ബ്രേക്ക് ചെയ്തപ്പോൾ ബസിനുള്ളിൽ വീണ യാത്രക്കാരിക്ക് ഡ്രൈവറും കണ്ടക്ടറും രക്ഷകരായി. ഇന്നലെ വൈകിട്ട് 4ന് കോഴഞ്ചേരി - മാരാമൺ ചെട്ടിമുക്കിലാണ് സംഭവം. ആലപ്പുഴ നിന്നും പത്തനംതിട്ടയ്ക്ക് വന്ന RPC 206 കെ.എസ്.ആർട ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ പുല്ലാട് നിന്നും പത്തനംതിട്ടയ്ക്ക് യാത്ര ചെയ്ത പ്രമാടം സ്വദേശിനിയായ മദ്ധ്യവയസ്കയാണ് അപകടത്തിൽപ്പെട്ടത്. ചെട്ടിമുക്കിന് സമീപം എതിരെ വന്ന ബസ് ഇടിക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി ബസ് വെട്ടിച്ച് ബ്രേക്ക് ചെയ്തപ്പോൾ പിടിവിട്ട യാത്രക്കാരി എൻജിൻ കവറിലേക്ക് വീഴുകയായിരുന്നു. ടിക്കറ്റിനുള്ള പണം കണ്ടക്ടർക്ക് കൊടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. വലതു കൈയ്ക്കും താടിക്കും പരിക്കേറ്റ ഇവരെ കണ്ടക്ടർ സുരേഷും, ഡ്രൈവർ ഷിബുവും മറ്റു യാത്രക്കാരും ചേർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രകാശും സഹായത്തിനുണ്ടായിരുന്നു. ആശുപത്രിയിൽ നിന്നും ബന്ധുക്കളെ വിവരം അറിയിച്ചതിനുശേഷം ബസ് യാത്ര തുടർന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |