സുൽത്താൻ ബത്തേരി: പഴേരി വീട്ടിക്കുറ്റിയിൽ ക്ഷീരകർഷകനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കാട്ടാനയെ ജനവാസമേഖലയിൽനിന്ന് ഉൾക്കാട്ടിലേയ്ക്ക് തുരത്താനുള്ള നടപടികൾ ആരംഭിച്ചു. മുത്തങ്ങ ആനപന്തിയിലെ കുങ്കിയാനകളായ പ്രമുഖ, ഭരത് എന്നിവയുടെ സഹായത്തോടെയാണ് ആർ.ആർ.ടിയും വനപാലകരും ചേർന്ന് കാട്ടാനയെ ഉൾക്കാട്ടിലേയ്ക്ക് തുരത്താനുള്ള ദൗത്യത്തിലേർപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ മിൽക് സൊസൈറ്റിയുടെ പഴേരിയിലെ പാൽ അളവ് കേന്ദ്രത്തിൽ പാൽ അളന്ന് നൽകാനായി പോകുന്നതിനിടെയാണ് വീടിന് സമീപം വച്ച് പഴേരി വീട്ടിക്കുറ്റി ഉന്നതിയിലെ ശശി (56) കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇയാളെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാന ശല്യം രൂക്ഷമായ വീട്ടിക്കുറ്റി പച്ചാടി മേഖലകളിലാണ് ഇന്നലെ കുങ്കിയാനയുടെ സഹായത്തോടെ കാട്ടാനയെ ഉൾക്കാട്ടിലേയ്ക്ക് തുരത്തുന്നതിനായി തെരച്ചിൽ നടത്തിയത്. എന്നാൽ ആക്രമകാരിയായ ആന ഏതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനവാസമേഖലയോട് ചേർന്നുള്ള വനാതിർത്തികളിൽ നിലയുറപ്പിച്ച ആനകളെ ഉൾക്കാട്ടിലേയ്ക്ക് തുരത്താനാണ് നീക്കം.
ഇന്നലെ ദൗത്യസംഘത്തിന് വനാതിർത്തികളിൽ കാട്ടാനകളെയൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും മേഖലയിൽ വൈകുന്നേരം വരെ തെരച്ചിൽ നടത്തി. രാത്രിസമയങ്ങളിൽ വാഹനത്തിലുള്ള പട്രോളിംഗ് നടത്തും. ഇന്നലെ ആനയെ കണ്ടെത്തിയില്ലെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും തെരച്ചിൽ നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചു.
ഓടപ്പള്ളം പുതുവീട് ഭാഗങ്ങളിൽ
കാട്ടാനശല്യം രൂക്ഷം; വ്യാപക കൃഷിനാശം
സുൽത്താൻ ബത്തേരി : പഴേരി -വീട്ടിക്കുറ്റി പ്രദേശത്ത് ക്ഷീര കർഷകനെ കാട്ടാന ആക്രമിച്ചതിന്റെ പിന്നാലെ സമീപ പ്രദേശമായ ഓടപ്പള്ളം പുതുവീട്ടിൽ ആറോളം കർഷകരുടെ നാണ്യവിളകളാണ് കാട്ടാന നശിപ്പിച്ചത്. പുതുവീട് സദാനന്തൻ, മനോജ്, ജയരാഘവൻ, ശശികുമാർ, ലക്ഷണൻ, സത്യാനന്ദൻ എന്നിവരുടെ തെങ്ങ്,കമുക് ,വാഴ എന്നിവയാണ് നശിപ്പിച്ചത്. സദാനന്തന്റെ കായ്ഫലമുള്ള 6 തെങ്ങുകളാണ് നശിപ്പിച്ചു. ഇവയ്ക്ക് പുറമെ കമുകും വാഴയും. മറ്റ് കർഷകരുടെ തെങ്ങും,വാഴയും കമുകും കാപ്പിയുമെല്ലാം നശിപ്പിച്ചു. സന്ധ്യമയങ്ങുന്നതോടെ കാട് വിട്ട് എത്തുന്ന ആനക്കൂട്ടങ്ങൾ നേരം പുലരുന്നത് വരെ കർഷകരുടെ കൃഷിയിടത്തിൽ തന്നെ തങ്ങുകയാണ്. കൂട്ടമായി എത്തുന്ന ആനകളെ തിരികെ വനത്തിലേക്ക് ഓടിച്ച് വിടാൻ ശ്രമിച്ചാൽ കൂട്ടത്തിലെ കൊമ്പൻ ആക്രമണ സ്വഭാവത്തോടെ ഓടിയടുക്കുകയാണ്. ശശിയെ ആക്രമിച്ചതും ഈ കൊമ്പനാണന്നാണ് ജനങ്ങൾ പറയുന്നത്.
തൂക്ക് ഫെൻസിംഗ് ഇല്ലാത്ത 4
കിലോമീറ്റർ കാട്ടാനകളുടെ വഴിത്താര
സുൽത്താൻ ബത്തേരി: പഴേരി വീട്ടിക്കുറ്റി നായമൂല മുതൽ പുതുവീട് വരെയുള്ള 4 കിലോമീർ ദൂരം തൂക്ക് ഫെൻസിംഗ് ഇല്ല. ഈ ഭാഗത്ത്കൂടെയാണ് കാട്ടാനകൾ ജനവാസകേന്ദ്രത്തിലേയ്ക്ക് എത്തികാണ്ടിരിക്കുന്നത്. തൂക്ക് ഫെൻസിംഗ് ഇല്ലാത്ത ഭാഗത്ത് അടിയന്തരമായി ഫെൻസിംഗ് സ്ഥാപിച്ച് കാട്ടാന ശല്യത്തിന് പരിഹാരം കാണൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |