SignIn
Kerala Kaumudi Online
Friday, 30 October 2026 6.48 AM IST

കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം പാടില്ല: യൂസഫലി

yousuf-ali

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ നിക്ഷേപ സാഹചര്യങ്ങളെ കുറിച്ച് തെറ്റായ പ്രചാരണം ആരും നടത്തരുതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അദ്ദേഹമടക്കം ഒട്ടേറെ പ്രമുഖ വ്യവസായികൾ കേരളത്തിൽ കൂടുതൽ വ്യാവസായിക നിക്ഷേപം ആകർഷിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് പ്രവാസി സംരംഭകരുമായി മന്ത്രി പി. രാജീവ് നടത്തിയ കൂടിക്കാഴ്‌ചയിൽ വ്യക്തമാക്കി. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു ചർച്ച.

കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ രണ്ട് നിക്ഷേപ പദ്ധതികൾ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് യൂസഫലി പറഞ്ഞു. പുറത്തുനിന്ന് വൻകിട നിക്ഷേപകരെ ക്ഷണിച്ച്, കേരളത്തിൽ നിക്ഷേപത്തിന് അവസരമൊരുക്കണം. വിദേശ, പ്രവാസി നിക്ഷേപകരെയും ആകർഷിക്കണം. പഴം, പച്ചക്കറി കയറ്റുമതി സാദ്ധ്യതകൾ പ്രയോജനപ്പെടുത്തണം. എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലും സംസ്ഥാന എക്‌സ്‌പോർട്ട് സോണും രൂപീകരിക്കണമെന്നും യൂസഫലി പറഞ്ഞു. പ്രവാസി നിക്ഷേപത്തിന് കേരളത്തിൽ വൻ സാദ്ധ്യതകളുണ്ടെന്ന് ആസ്‌റ്റർ ഡി.എം. ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

സർക്കാരിന്റേത് മികച്ച തുടക്കമാണെന്ന് റീജൻസി ഗ്രൂപ്പ് ചെയർമാൻ ഷംസുദ്ദീൻ ബിൻ മൊഹിദ്ദീൻ അഭിപ്രായപ്പെട്ടു. നിക്ഷേപ സൗഹൃദാന്തരീക്ഷത്തിൽ കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിൽ അന്തരമില്ലെന്നും കേരളത്തേക്കാൾ മെച്ചപ്പെട്ട അന്തരീക്ഷം മറ്റു സംസ്ഥാനങ്ങളിലുമില്ലെന്നും എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ ഡോ.എ.വി. അനൂപ് പറഞ്ഞു.

വ്യവസായരംഗത്ത് 'കേരള ബ്രാൻഡ്" സൃഷ്ടിക്കണമെന്ന് ഫിക്കി കർണാടക ചെയർമാൻ ഉല്ലാസ് കമ്മത്ത് പറഞ്ഞു. 100 കോടി രൂപയ്ക്കുമേലുള്ള വ്യവസായങ്ങൾക്ക് നോഡൽ ഓഫീസറെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർതല പ്രോത്സാഹന നടപടികൾക്ക് അനുസൃതമായി താഴെതട്ടിലെ ഉദ്യോഗസ്ഥ മനോഭാവവും മാറണമെന്ന് വി.കെ.സി. മമ്മദ് കോയ പറഞ്ഞു. ഡോ. മോഹൻതോമസ് ,സിദ്ദിഖ് അഹമ്മദ്, മുരളീധരൻ കേശവൻ, സി.വി. റപ്പായി, ജയകൃഷ്ണ മേനോൻ, ജോൺ കുര്യാക്കോസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ.കെ. ഇളങ്കോവൻ, എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്‌ടർ എം.ജി. രാജമാണിക്യം എന്നിവരും പങ്കെടുത്തു.

''കേരളത്തിൽ ലുലു ഗ്രൂപ്പിന്റെ രണ്ട് നിക്ഷേപ പദ്ധതികൾ അടുത്തമാസം പ്രഖ്യാപിക്കും. പ്രവാസികളെ ഉൾപ്പെടെ നിക്ഷേപകരെ ക്ഷണിച്ച്, കേരളത്തിൽ നിക്ഷേപത്തിന് അവസരമൊരുക്കണം"".

എം.എ. യൂസഫലി, ചെയർമാൻ, ലുലു ഗ്രൂപ്പ്

''പ്രവാസി നിക്ഷേപത്തിന് കേരളത്തിൽ വൻ സാദ്ധ്യതകളുണ്ട്""

ഡോ. ആസാദ് മൂപ്പൻ, ചെയർമാൻ, ആസ്‌റ്റർ ഡി.എം. ഹെൽത്ത്കെയർ

''നിക്ഷേപ സൗഹൃദാന്തരീക്ഷത്തിൽ കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിൽ അന്തരമില്ല""

ഡോ.എ.വി. അനൂപ്, മാനേജിംഗ് ഡയറക്‌ടർ, എ.വി.എ ഗ്രൂപ്പ്

വേണം കയറ്റുമതി പ്രോത്സാഹന

കൗൺസിലും കേരള ബ്രാൻഡും

(മന്ത്രി പി. രാജീവുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ പ്രമുഖ വ്യവസായികൾ മുന്നോട്ടുവച്ച പ്രധാന നിർദേശങ്ങൾ)

 പഴം, പച്ചക്കറി കയറ്റുമതി സാദ്ധ്യതകൾ കേരളം പ്രയോജനപ്പെടുത്തണം.

 എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലും സംസ്ഥാന എക്‌സ്‌പോർട്ട് സോണും രൂപീകരിക്കണം

 വ്യവസായരംഗത്ത് 'കേരള ബ്രാൻഡ്" സൃഷ്ടിക്കണം

 100 കോടി രൂപയ്ക്കുമേലുള്ള വ്യവസായങ്ങൾക്ക് നോഡൽ ഓഫീസറെ നിയമിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, YOUSUF ALI, INDUSTRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360