SignIn
Kerala Kaumudi Online
Saturday, 12 September 2026 5.26 AM IST

യു എസ് ബാങ്ക് തകർച്ച ഇന്ത്യയെ ബാധിക്കില്ല: ആർ ബി ഐ ഗവർണർ

rbi-governer

കൊച്ചി: അമേരിക്കൻ ബാങ്കിംഗ് മേഖലയിലെ തകർച്ച ഇന്ത്യയെ ബാധിക്കില്ലെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്. ഫെഡറൽ ബാങ്ക് സ്ഥാപകൻ കെ.പി. ഹോർമിസ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലപ്രതിസന്ധികളിൽനിന്ന് രാജ്യം കരകയറി വരികയാണെന്നും ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം വർദ്ധിച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

പല രാജ്യങ്ങളുടെയും ആഭ്യന്തര വളർച്ച പിന്നോട്ടുപോയത് രാജ്യാന്തര തലത്തിലുണ്ടായ തിരിച്ചടികൾ മൂലമാണ്. കൊവിഡും യുക്രൈയ്ൻ യുദ്ധവും വിവിധ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെബാധിച്ചപ്പോഴും ഇന്ത്യ ശക്തമായി തുടർന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പണപ്പെരുപ്പംമൂലം ലോകസമ്പദ്ഘടന വലിയ തിരിച്ചടികളാണ് നേരിടുന്നത്. നിലവിൽ ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ട്. ഈ പ്രതിസന്ധിയിലും ഇന്ത്യയുടെ വളർച്ച ഏഴുശതമാനമാണെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ വരാനിരിക്കുന്ന ജി20 ഉച്ചകോടി രാജ്യത്തിന് നേട്ടമാകും. വിവിധ രാജ്യങ്ങളുമായി സഹകരണം വിപുലപ്പെടുത്താൻ ഇത് അവസരമാകും. ബാങ്കിംഗ് മേഖലയിലും സമ്പദ്ഘടനയിലും എപ്പോഴും നല്ലതുമാത്രം പ്രതീക്ഷിക്കാതെ ഭാവിയിൽ വരാനിടയുള്ള പിഴവുകൾ നേരിടാനും സജ്ജമായിരിക്കണമെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

കരുതൽ ധനത്തിന്റെ കാര്യത്തിൽ ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. ഇത് വലിയ നേട്ടമാണ്. സാധാരണക്കാരിലേക്കും പാവപ്പെട്ടവരിലേക്കും ഡിജിറ്റൽ ഇടപാടുകൾ വ്യാപിപ്പിക്കാൻ ബാങ്കുകൾ ശ്രദ്ധചെലുത്തുന്ന കാലമാണ്. തട്ടിപ്പുകൾ തടയാൻ നിയമങ്ങളും മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറൽ ബാങ്ക് ചെയർമാൻ ബാലഗോപാൽ ചന്ദ്രശേഖർ സ്വാഗതവും ഫെഡറൽ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസൻ നന്ദിയും പറഞ്ഞു.

ഫെഡറൽ ബാങ്ക് സ്ഥാപകനായ കെ.പി. ഹോർമിസിന്റെ സ്മരണാർഥം സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണ് കെ.പി. ഹോർമിസ് അനുസ്മരണ പ്രഭാഷണം. ഫെഡറൽ ബാങ്ക് ഡയറക്ടർമാർ, സീനിയർ എക്സിക്യൂട്ടീവുകൾ, ഉദ്യോഗസ്ഥർ, ബിസിനസ് രംഗത്തെ പ്രമുഖർ, വിവിധ ബിസിനസ് സ്‌കൂളുകളിലെ വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിങ്, ഫിനാൻസ് മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ എക്സിബിഷനും ബാങ്ക് ഒരുക്കിയിരുന്നു. ഡിജിറ്റൽ കന്നുകാലി വായ്പ, ഇൻസ്റ്റന്റ് കെ.സി.സി, എഐ ടൂൾ ആയ ഫെഡി, ഡിജിറ്റൽ മൈക്രോ ഫിനാൻസ് പ്ലാറ്റ്‌ഫോം ഫെഡ്മി, സോഷ്യൽ മോണിറ്റങിങ് ടൂൾ ആയ ഫെഡ് ഹൈവ് എന്നിവയും എക്‌സിബിഷനിൽ പരിചയപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, RBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360