SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

50ന്റെ നിറവിൽ ആപ്പിൾ

apple

ഗാരേജിൽ നിന്ന് ആഗോള ടെക്ക് ഭീമനിലേക്ക്

കൊച്ചി: കാലിഫോർണിയയിലെ കാർ ഗാരേജിൽ തുടക്കമിട്ട് ആഗോള ടെക്നോളജി ഭീമനായി വളർന്ന് പന്തലിച്ച ആപ്പിളിന് ഇന്നലെ അൻപത് തികഞ്ഞു. സ്‌റ്റീവ് വോസ്‌നിയാക്, സ്‌റ്റീവ് ജോബ്‌സ്, റൊണാൾഡ് വെയിൻ എന്നിവർ ചേർന്ന് 1976ലാണ് ആപ്പിളിന് തുടക്കമിട്ടത്. കംപ്യൂട്ടർ സർക്യൂട്ട് ബോർഡിന്റെ പൂർത്തിയാക്കിയ ഡിസൈൻ സ്‌റ്റീവ് വോസ്‌നിയാക് ഒരു പ്രാദേശിക ക്ളബിൽ വച്ച് സുഹൃത്തുക്കളുമായി പങ്കുവച്ചതോടെയാണ് ആദ്യ ആശയം പിറന്നത്. ഈ ബോർഡുകൾ വാണിജ്യ അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിലും വിൽക്കുന്നതിലും വലിയ ബിസിനസ് സാദ്ധ്യതയുണ്ടെന്ന് സ്‌റ്റീവ് ജോബ്സ് തിരിച്ചറിഞ്ഞതോടെയാണ് സാങ്കേതികരംഗത്ത് വിപ്ളവം സൃഷ്ടിച്ച ബ്രാൻഡ് ആപ്പിൾ പിറവിയെടുത്തത്. ആദ്യ ഡെ്‌സ്‌ക്ടോപ്പ് കംപ്യൂട്ടറുകൾ മുതൽ സ്‌മാർട്ട്ഫോണുകളും മൊബൈൽ ആപ്പുകളുമായി സോഫ്‌റ്റ്‌വെയറിന്റെ സാദ്ധ്യതകൾ ചെറിയ ഗാഡ്‌ജറ്റിലാക്കുന്ന സാങ്കേതികവിദ്യയ്ക്ക് പ്രചാരം നൽകാനും ആപ്പിളിന് കഴിഞ്ഞു. ഐ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചതിന് ശേഷം ആപ്പിളിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഏറ്റവും അവസാനം വിപണിയിലെത്തിയ മോഡലായ ഐ ഫോൺ 17ന്റെ വിൽപ്പന റെക്കാഡുകൾ പുതുക്കി കുതിക്കുകയാണ്.

ആപ്പിൾ ഓഹരികൾ 1980ലാണ് എക്‌സ്ചേഞ്ചുകളിൽ ലിസ്‌റ്റ് ചെയ്തത്. എന്നാൽ രണ്ടായിരത്തിന് ശേഷം ആപ്പിൾ ഐ ഫോണുകളുടെ വിൽപ്പന കത്തിക്കയറിയതിന് ശേഷമാണ് കമ്പനിയുടെ ഓഹരി വിലയിൽ വൻ കുതിപ്പുണ്ടായത്. തൊട്ടുപിന്നാലെ ഇൻഹൗസ് എം സീരീസ് ചിപ്പുകളുടെ കരുത്തിൽ മാക് വിൽപ്പനയും കുതിച്ചുയർന്നു. നിലവിൽ ആപ്പിളിന്റെ പ്രതിവർഷ വരുമാനം അര ലക്ഷം കോടി ഡോളറിന് അടുത്താണ്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ സോഫ്‌റ്റ്‌വെയർ സർവീസ് എതിരാളികളായ ഓപ്പൺ എ.ഐ, മൈക്രോസോഫ്‌റ്റ് എന്നിവയിൽ നിന്ന് കടുത്ത വെല്ലുവിളിയാണ് ഇപ്പോൾ ആപ്പിൾ നേരിടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360