SignIn
Kerala Kaumudi Online
Friday, 02 October 2026 2.01 AM IST

ഓഹരി  വിപണിയിൽ  തകർച്ച  തുടരുന്നു

sharre

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ തുടർച്ചയായ എട്ടാം ദിനവും തകർച്ച തുടരുന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഉയർന്ന ക്രൂഡോയിൽ വിലയും യു.എസ് ബോണ്ട് യീൽഡിലെ കുതിപ്പുമാണ് തിരിച്ചടിയായത്. ബി.എസ്.ഇ സെൻസെക്‌സ് 570.59 പോയിന്റ് നഷ്ടവുമായി 71,909.70ലും നിഫ്‌റ്റി 50 സൂചിക 198.5 പോയിന്റ് ഇടിഞ്ഞ് 22,421.95ൽ വ്യാപാരം പൂർത്തിയാക്കി.

നടപ്പു വാരം സെൻസെക്‌സ് 2.6 ശതമാനവും നിഫ്‌റ്റി മൂന്ന് ശതമാനവുമാണ് ഇടിഞ്ഞത്. തുടർച്ചയായ എട്ടാം വാരമാണ് നിഫ്‌റ്റി നഷ്‌‌ടം നേരിടുന്നത്. റെക്കാഡ് ഉയരത്തിൽ നിന്നും ഇതുവരെ 15 ശതമാനം ഇടിവാണ് നിഫ്‌റ്റിയിലുണ്ടായത്. സെപ്തംബറിൽ വാഹന വിൽപ്പനയിൽ പ്രതീക്ഷിച്ച വർദ്ധന ദൃശ്യമാകാത്തതിനാൽ ഓട്ടോ മേഖലയിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. എഫ്.എം.സി.ജി, മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയും വിൽപ്പന സമ്മർദ്ദം നേരിട്ടു. അതേസമയം നിഫ്‌റ്റി ഐ.ടി സൂചിക നേട്ടമുണ്ടാക്കി,

വിദേശ നിക്ഷേപകർ പിന്മാറുന്നു

വിദേശ ധനകാര്യ സ്ഥാപനങ്ങൾ പിന്മാറ്റം ശക്തമാക്കി. നടപ്പുവർഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ സെക്കൻഡറി വിപണിയിൽ നിന്ന് മൂന്ന് ലക്ഷം കോടി രൂപയാണ് പിൻവലിച്ചത്. 10 വർഷ അമേരിക്കൻ ബോണ്ടുകളുടെ യീൽഡ് 5.25 ശതമാനം വരെ ഉയർന്നതോടെ ഇന്ത്യയടക്കമുള്ള വിപണികളുടെ നിക്ഷേപ ആകർഷണത്വം കുറയുന്നതാണ് പ്രധാന വെല്ലുവിളി.

രൂപയ്ക്കും തിരിച്ചടി

ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും എണ്ണ വിലയിലെ കുതിപ്പും രൂപയ്ക്കും തിരിച്ചടിയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 0.5 ശതമാനം കുറഞ്ഞ് 96.31ൽ എത്തി. രണ്ടു മാസത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിലയാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARE MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360