ഡെറാഡൂൺ: മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പദവികളിൽ നിന്ന് രാജിവച്ചു. 2016ലെ ഉത്തരാഖണ്ഡ് സബോർഡിനേറ്റ് സർവീസ് സെലക്ഷൻ കമ്മിഷൻ പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പിഎ ആയ ചന്ദൻ സിംഗ് ജീനയുടെ വസതിയിലും മറ്റിടങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ് നടത്തിയതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.
തന്റെ അടുത്ത അനുയായിയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടാവുകയും അത് അഴിമതിക്കെതിരായ കോൺഗ്രസിന്റെ പോരാട്ടത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നതിനോട് താത്‌പര്യമില്ലെന്ന് ഹരീഷ് റാവത്ത് വ്യക്തമാക്കി. ഉത്തരാഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ്, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി സ്ഥിരം ക്ഷണിതാവ് എന്നീ സ്ഥാനങ്ങളിൽ നിന്നാണ് രാജി വച്ചത്.
മുൻ യുകെഎസ്‌എസ്‌എസ്‌സി ഉദ്യോഗസ്ഥർ, ഒഎംആർ ഷീറ്റുകൾ കൈകാര്യം ചെയ്യുന്ന സ്വകാര്യ കമ്പ്യൂട്ടർ ഏജൻസിയുടെ ഉടമ, ഇടനിലക്കാർ എന്ന് ആരോപിക്കപ്പെടുന്നവർ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഉൾപ്പെടെ ഡെറാഡൂണിലെ വിവിധയിടങ്ങളിൽ വ്യാഴാഴ്ച പരിശോധന നടത്തിയതായി ഇഡി അറിയിച്ചു. ഹരീഷ് റാവത്തിന്റെ പിഎ ചന്ദൻ സിംഗിന്റെ വസതിയിൽ നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത 32 ലക്ഷം രൂപ, 200.5 ഗ്രാം തൂക്കം വരുന്ന സ്വർണ നാണയങ്ങളും ചെയിനുകളും, 12 ആഡംബര വാച്ചുകൾ എന്നിവ പിടിച്ചെടുത്തു.
സിംഗിന്റെയും കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള 52.16 ലക്ഷം രൂപയുള്ള ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. ഫോറൻസിക് പരിശോധനയ്ക്കായി സിംഗിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തു. നിലവിൽ റാവത്തിന്റെ പേഴ്സണൽ അസിസ്റ്റന്റായി സേവനമനുഷ്ഠിക്കുകയാണ് സിംഗ്. 2014-നും 2017-നും ഇടയിൽ റാവത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ 'ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി' (ഒഎസ്‌ഡി) ആയും പ്രവർത്തിച്ചിട്ടുണ്ട്.
Former Uttarakhand Chief Minister Harish Rawat resigned from his Congress posts after the Enforcement Directorate raided his personal assistant's residence in a money laundering probe. The investigation is linked to alleged irregularities in the 2016 Uttarakhand Subordinate Service Selection Commission exam, where unaccounted assets were seized. Rawat stated he didn't want the controversy to weaken Congress's anti-corruption fight.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |