
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ (സിയാൽ) യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും മെച്ചപ്പെടുത്താൻ റോബോട്ട് എത്തി. ആദ്യഘട്ടത്തിൽ
ഡൊമസ്റ്റിക് സെക്യൂരിറ്റി ഹോൾഡ് ഏരിയയിലെ കലാ മ്യൂസിയമായ 'കലാങ്കണത്തിൽ' റോബോട്ട് വിന്യസിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു.
അടുത്ത ഘട്ടത്തിൽ വിമാനത്താവളത്തിലെ ചെക്ക്-ഇൻ ഹാളിലും പാസഞ്ചർ അസിസ്റ്റൻസിനായി റോബോട്ടുകളെ നിയോഗിക്കും. ടെർമിനലിനുള്ളിൽ വിശ്രമിക്കുന്ന യാത്രക്കാർക്ക് ഭക്ഷണവും മറ്റ് ഉത്പ്പന്നങ്ങളും നൽകുന്ന ഡെലിവറി റോബോട്ടുകളുടെ സാദ്ധ്യതകളും പരിശോധിക്കുന്നു. പുനെയിലെ കൈനറ്റിക്സ് റോബോട്ടിക്സാണ് സിയാലിനായി റോബോട്ട് നിർമ്മിച്ചത്.
എക്‌സിക്യുട്ടീവ് ഡയറക്ടർ സന്തോഷ് പൂവാട്ടിൽ, കമേഴ്‌സ്യൽ മേധാവി മനോജ് പി. ജോസഫ്, കൈനറ്റിക് റോബോട്ട് പ്രതിനിധി ജിഗ്നേഷ് നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
റോബോട്ടിന്റെ സേവനങ്ങൾ
യാത്രക്കാർക്ക് മികച്ച സാങ്കേതികാനുഭവവും തത്സമയ സഹായങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. യാത്രക്കാരെ സ്വാഗതം ചെയ്യാനും വഴി പറഞ്ഞുകൊടുക്കാനും, വിമാനങ്ങളുടെ വിവരങ്ങൾ തത്സമയം ലഭ്യമാക്കാനും റോബോട്ടിക് സേവനങ്ങൾ ഉപയോഗിക്കും. സംശയങ്ങൾ ദൂരീകരിക്കാനും വിവരങ്ങൾ അറിയാനും റോബോട്ടുമായി നേരിട്ട് സംവദിക്കാം.
സാംസ്കാരിക പൈതൃകം പ്രചരിപ്പിക്കും
നിലവിൽ 'കലാങ്കണത്തിൽ' വിന്യസിച്ചിട്ടുള്ള റോബോട്ട്, കഥകളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളീയ കലാരൂപങ്ങളെ കുറിച്ചും പ്രദർശിപ്പിച്ചിരിക്കുന്ന ശില്പങ്ങൾ, കലാസൃഷ്ടികൾ എന്നിവയെ കുറിച്ചും യാത്രക്കാർക്ക് വിവരങ്ങൾ നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |