SignIn
Kerala Kaumudi Online
Monday, 19 October 2026 1.42 AM IST

യൂറോപ്പിലേക്ക് ഇന്ത്യൻ ഇന്ധനം ഒഴുകുന്നു

READ ENGLISH VERSION
crude-oil

ഇന്ധന കയറ്റുമതി കുതിക്കുന്നു

കൊച്ചി: ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യൻ റിഫൈനറികളെ കൂടുതലായി ആശ്രയിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷവും റഷ്യൻ എണ്ണവിതരണത്തിലുണ്ടായ തടസങ്ങളും യൂറോപ്പിൽ ബദൽ ഇന്ധനസ്രോതസുകൾക്ക് ആവശ്യം വർദ്ധിച്ചതാണ് ഇന്ത്യയ്ക്ക് അവസരമായത്. ആഗോള വിപണിയിൽ ഇന്ധനലഭ്യതയിലെ കുറവ് നികത്താൻ കഴിയുന്ന പ്രധാന വിതരണക്കാരായി ഇന്ത്യൻ റിഫൈനറികൾ മാറുകയാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ, വിമാന ഇന്ധനം തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങളുടെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നു. പാശ്ചാത്യ രാജ്യങ്ങളിലേക്ക് 120 കോടി ഡോളറിന്റെ പെട്രോളിയം ഉത്പന്നങ്ങളാണ് ഇന്ത്യ, തുർക്കി, ബ്രൂണയ് എന്നിവിടങ്ങളിൽ നിന്ന് റഷ്യൻ ക്രൂഡ് സംസ്‌കരിച്ച് കയറ്റി അയച്ചത്. ആഗസ്റ്റ് മാസത്തേക്കാൾ 43 ശതമാനം വർദ്ധനയാണ് കയറ്റുമതിയിലുണ്ടായതെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനൻജി ആൻഡ് ക്ളിയർ എയർ(സി.ആർ.ഇ.എ) റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 66.7 കോടി യൂറോയുടെ ഉത്പന്നങ്ങൾ യൂറോപ്യൻ യൂണിയനിലാണ് എത്തിയത്. യൂറോപ്യൻ യൂണിയൻ തുറമുഖങ്ങളിൽ ഇറക്കിയ ഏഴ് കാർഗോകളിൽ ആറിന്റെയും ഉറവിടം ഗുജറാത്തിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ജാം നഗർ റിഫൈനറിയാണ്.

റഷ്യൻ ക്രൂഡിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനത്തിന്റെ ഇറക്കുമതി യൂറോപ്യൻ യൂണിയൻ നടപ്പുവർഷം ജനുവരിയിൽ നിരോധിച്ചിരുന്നു. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സംസ്‌കരിച്ച ഉത്പന്നങ്ങളുടെ വ്യാപാരത്തിൽ വിടവുണ്ടെന്ന് സി.ആർ.ഇ.എ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യൻ പ്രതിസന്ധി അവസരം

പശ്ചിമേഷ്യയിലെ യുദ്ധം എണ്ണശുദ്ധീകരണശാലകളുടെ പ്രവർത്തനത്തെ ബാധിച്ചതും യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ റഷ്യയുടെ ഡീസൽ കയറ്റുമതിയിൽ തടസമുണ്ടാക്കിയതും ബദൽ ഇന്ധന സ്രോതസുകൾ തേടാൻ യൂറോപ്പിനെ നിർബന്ധിതരാക്കി. ഈ സാഹചര്യം ഇന്ത്യൻ എണ്ണശുദ്ധീകരണശാലകൾക്ക് നേട്ടമായി.

ലോകത്തിലെ മുൻനിര റിഫൈനിംഗ് രാജ്യങ്ങൾ

രാജ്യം : റിഫൈനിംഗ്ശേഷി : വിഹിതം

ചൈന : പ്രതിദിനം 18.48 ദശലക്ഷം ബാരൽ : 17.8 ശതമാനം

അമേരിക്ക : പ്രതിദിനം 18.43 ദശലക്ഷം ബാരൽ : 17.6 ശതമാനം

റഷ്യ : പ്രതിദിനം 6.8 ദശലക്ഷം ബാരൽ : 6.6 ശതമാനം

ഇന്ത്യ : പ്രതിദിനം 5.8 ദശലക്ഷം ബാരൽ : 5.6 ശതമാനം

ഡീസൽ കയറ്റുമതി

സെപ്തംബറിൽ ഇന്ത്യയുടെ ഡീസൽ കയറ്റുമതി പ്രതിദിനം ഏകദേശം 6.2 ലക്ഷം ബാരലായി ഉയർന്നു. ഇതിൽ ഏകദേശം 2.8 ലക്ഷം ബാരൽ യൂറോപ്പിലേക്കാണ് അയച്ചത്. ആഗസ്റ്റിനെ അപേക്ഷിച്ച് യൂറോപ്പിലേക്കുള്ള കയറ്റുമതി 80 ശതമാനം ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE OIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360