
ആവേശമാകാൻ ജിയോ ഐ.പി.ഒ
കൊച്ചി: ദീപാവലിക്ക് മുമ്പ് ഓഹരി വിപണിയിൽ ഉത്സവാഘോഷം പ്രതീക്ഷിച്ച് നിക്ഷേപകർ.
ഒക്ടോബർ 21ന് ആരംഭിക്കുന്ന റിലയൻസ് ജിയോയുടെ ഐ.പി.ഒയും കമ്പനികളുടെ ത്രൈമാസ പ്രവർ ത്തന ഫലങ്ങളും വിപണിയുടെ മുന്നേറ്റത്തിന് ഊർജമാകുമെന്ന് വിലയിരുത്തുന്നു. കഴിഞ്ഞ വാരം സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടത്തോടെയാണ് വ്യാപാരം പൂർത്തിയാക്കിയത്. സെൻസെക്സ് 2,256.94 പോയിന്റും നിഫ്റ്റി 625.7 പോയിന്റും നേട്ടമുണ്ടാക്കി. എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങിയ ബാങ്കുകൾ അറ്റാദായം മെച്ചപ്പെടുത്തിയെങ്കിലും ലാഭ മാർജിനിൽ കുറവുണ്ടായതാണ് വെല്ലുവിളി. വായ്പാ വളർച്ച, നിക്ഷേപ സമാഹരണം, കിട്ടാക്കടം എന്നിവയും വിപണി വിലയിരുത്തും.
ക്രൂഡോയിൽ വില, റിസർവ് ബാങ്ക് ധന നയ യോഗത്തിലെ മിനിറ്റ്സ്, രൂപയുടെ മൂല്യം, പശ്ചിമേഷ്യൻ സംഘർഷം എന്നിവയും വിപണിയുടെ നീക്കത്തെ സ്വാധീനിക്കും. പ്രാരംഭ ഓഹരി വിപണിയിൽ ജിയോ ഉൾപ്പെടെ രണ്ട് കമ്പനികളുടെ ഐ.പി.ഒ ഈ വാരം നടക്കും.
വിദേശ നിക്ഷേപകർ പുറത്തേക്ക്
ആഭ്യന്തര നിക്ഷേപകരുടെ ആവേശത്തിനിടെയിലും വിദേശ ധന സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരികളെ കൈവെടിയുകയാണ്. ഒക്ടോബറിൽ ഇതുവരെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ(എഫ്.പി.ഐ) ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 52,100 കോടി രൂപ പിൻവലിച്ചു. നടപ്പുവർഷം മൊത്തം 3.12 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകർ പുറത്തേക്ക് കൊണ്ടുപോയത്. അമേരിക്കൻ ബോണ്ടുകളുടെ ആകർഷമായ വരുമാനം. ഉയർന്ന ക്രൂഡ് വില, രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് വിദേശ ഫണ്ടുകളുടെ താത്പര്യം നഷ്ടമാക്കുന്നത്.
ആഭ്യന്തര നിക്ഷേപകർ ടോപ്പ് ഗിയറിൽ
ഒക്ടോബറിൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ഒരു ലക്ഷം കോടി രൂപയിലധികമാണ് ഇന്ത്യൻ വിപണിയിൽ ഇതുവരെ മുടക്കിയത്. വിദേശ ധന സ്ഥാപനങ്ങൾ പിന്മാറിയിട്ടും ആഭ്യന്തര നിക്ഷേപകർ സജീവമായതാണ് ഇന്ത്യൻ വിപണിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.
നടപ്പുവർഷത്തെ ആഭ്യന്തര ഫണ്ടുകളുടെ നിക്ഷേപം
4.41 ലക്ഷം കോടി രൂപ
സെപ്തംബറിലെ എസ്.ഐ.പി നിക്ഷേപം
32,490 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |