
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവയ്ക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച രാജി പ്രഖ്യാപിക്കുമെന്നാണ് സൂചന. മുതിർന്ന ക്യാബിനറ്റ് മന്ത്രിമാർ, രാഷട്രീയ ഉപദേഷ്ടാക്കൾ, പാർട്ടി നേതാക്കൾ എന്നിവരുമായി ചർച്ച ചെയ്തതിന്ശേഷം തൽസ്ഥാനത്ത് തുടരാനാകില്ലെന്ന തീരുമാനത്തിൽ സ്റ്റാർമർ എത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ലേബർ പാർട്ടിക്കുള്ളിലെ ഭിന്നതയും ആഭ്യന്തര പ്രശ്നങ്ങളുമാണ് രാജിവയ്ക്കാൻ സ്റ്റാർമറിനെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. മാത്രമല്ല വടക്കൻ ഇംഗ്ലണ്ടിലെ നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ ഗ്രേറ്റർ മാഞ്ചസ്റ്റർ മേയർ ആൻഡി ബർണാം ഉജ്ജ്വല വിജയം നേടിയതും രാജിയ്ക്ക് സമ്മർദമേറ്റിയെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഭാര്യയുമായി സ്റ്റാർമർ രാജിക്കാര്യം സംസാരിച്ചെന്നും തിങ്കളാഴ്ചയോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോർട്ട്. അതേസമയം, ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മേയ് മാസത്തിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ സ്റ്റാർമറിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടിയ്ക്കുള്ളിൽ തന്നെ പ്രതിഷേധമുയർന്നിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ സ്റ്റാർമർ മന്ത്രിസഭയിൽ നിന്നും ഇരുപതിലധികം മന്ത്രിമാർ രാജിവച്ചിരുന്നു. ഇക്കാരണങ്ങൾ കണക്കിലെടുത്താണ് സ്റ്റാർമർ രാജിവയ്ക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |