
അബുദാബി: യുഎഇയുടെ തലസ്ഥാനമായ അബുദാബി നഗരത്തിലുടനീളം വാടക വർദ്ധന മരവിപ്പിച്ചു. എല്ലാ റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ, ഇൻഡസ്‌ട്രിയൽ വാടക കരാർ പുതുക്കലുകളും ഇനി വർദ്ധനവില്ലാതെ വേണം ചെയ്യാൻ. ഈ നടപടി താൽക്കാലികമാണ്. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വാടക കൂട്ടാൻ പാടില്ല. ഇത് എമിറേറ്റിലുടനീളമുള്ള താമസക്കാർക്ക് ആശ്വാസകരമായി മാറിയിരിക്കുകയാണ്.
നിലവിൽ അബുദാബിയിലെ നിയമപ്രകാരം, ഭൂവുടമകൾക്കും പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനികൾക്കും കരാർ പുതുക്കുന്നതിന് കുറഞ്ഞത് രണ്ട് മാസം മുമ്പെങ്കിലും വാടകക്കാരെ അറിയിച്ചുകൊണ്ട് പ്രതിവർഷം അഞ്ച് ശതമാനം വരെ വാടക വർദ്ധിപ്പിക്കാം. എന്നാൽ, പുതിയ നിയമപ്രകാരം വാടകക്കരാർ പുതുക്കുമ്പോൾ മുൻകരാറിന്റെ അതേ വാടകയിൽ തന്നെ ഉപഭോക്താവിന് നൽകണം. പശ്ചിമേഷ്യൻ യുദ്ധം കാരണം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഏറെ ആശ്വാസകരമാണ് ഈ തീരുമാനം.
എമിറേറ്റിലെ ഭവന യൂണിറ്റുകൾ വാർഷിക വാടകയുടെ മൂന്ന് ശതമാനം അബുദാബി മുനിസിപ്പാലിറ്റിക്ക് ഭവന ഫീസായി നൽകുന്നുണ്ട്. വാടകക്കരാർ, പാട്ടത്തിന് നൽകിയ ഭൂമിയുടെ രേഖകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിക്കാൻ തൗതീഖ് എന്ന സംവിധാനമാണ് മുനിസിപ്പാലിറ്റി ഉപയോഗിക്കുന്നത്. ഇത് വാടകക്കാരെയും ഭൂവുടമകളെയും നിയമപരമായി ബന്ധിപ്പിക്കുന്നു. താമസ, വാണിജ്യ വാടക കരാറുകൾ രജിസ്റ്റർ ചെയ്യുമ്പോൾ എല്ലാവരും ഇത് പരിശോധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |