
കുവൈറ്റ് സിറ്റി: മംഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്ക്യൂട്ടെന്ന് സ്ഥിരീകരിച്ച് കുവൈറ്റ്. ഷോർട്ട് സർക്ക്യൂട്ടാണ് അപകട കാരണമെന്ന് കുവൈറ്റ് അഗ്നിരക്ഷാ സേനയും വ്യക്തമാക്കി. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ ചോർന്നാണ് തീപിടിത്തമുണ്ടായതെന്ന് നേരത്തേ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ദുരന്തസ്ഥലത്ത് വിശദമായ പരിശോധനകൾ നടത്തിയ ശേഷമാണ് അപകടകാരണം കണ്ടെത്തിയതെന്ന് കുവൈറ്റ് അഗ്നിശമന സേന അറിയിച്ചു. ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയുൾപ്പെടെ പരിശോധിച്ചാണ് അന്തിമ നിഗമനത്തിലെത്തിയത്. ഫ്ലാറ്റിനുള്ളിൽ മുറികൾ തിരിക്കാനായി ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ അതിവേഗം തീപടരാൻ ഇടയാക്കിയെന്നും ഫയർഫോഴ്‌സ് കേണൽ സയീദ് അൽ മൗസാവി പറഞ്ഞു.
മുറികൾ തമ്മിൽ വേർതിരിക്കാൻ ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ കത്തിയത് വലിയ തോതിൽ പുകയുണ്ടാക്കി. ഈ പുക അതിവേഗം മുകൾനിലയിലേക്ക് പടർന്നു. ആറുനില കെട്ടിടത്തിൽ 24 ഫ്ലാറ്റുകളിലെ 72 മുറികളിലായി 196പേരാണ് താമസിച്ചിരുന്നത്. ഇതിൽ 20പേർ നൈറ്റ് ഡ്യൂട്ടിയിലായതിനാൽ 176പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിൽ പൂട്ടിയിട്ടിരുന്നതിനാൽ രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് അവിടേക്ക് കയറാനായില്ല.
ഗോവണി വഴി ടെറസിലെത്താൻ ശ്രമിച്ചവർ വാതിൽ തുറക്കാൻ കഴിയാതെ കുഴഞ്ഞ് വീണതായും ഫയർഫോഴ്‌സ് അധികൃതർ വ്യക്തമാക്കി. അപകടം ഉണ്ടായ സമയവും ദുരന്തത്തിന്റെ വ്യാപ്‌തി കൂട്ടിയെന്നാണ് നിഗമനം. പുലർച്ചെ നാലരയോടെ തീ പടരുമ്പോൾ ക്യാമ്പിലുള്ളവരെല്ലാം ഉറക്കത്തിലായിരുന്നു. തീ പടർന്നതിന് പിന്നാലെ അതിവേഗം വ്യാപിച്ച പുകയാണ് മരണസംഖ്യ വർദ്ധിപ്പിച്ചത്. രണ്ടുപേർ മാത്രമാണ് പൊള്ളലേറ്റ് മരിച്ചത്. ബാക്കി 47പേരും മരിച്ചത് പുക ശ്വസിച്ചാണെന്ന് എൻബിടിസി കമ്പനി പ്രതിനിധി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |