
അബുദാബി: ജൂൺ മാസത്തിലെ അബുദാബി ബിഗ് ടിക്കറ്റ് ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ഇത്തവണയും ഭാഗ്യം മലയാളിക്കൊപ്പം. ബഹ്‌റൈനിൽ താമസിക്കുന്ന കൃഷ്‌ണകുമാർ ശ്യാമള രവീന്ദ്രനാണ് ഭാഗ്യവാനായിരിക്കുന്നത്. 20 മില്യൺ ദിർഹമാണ് (52,32,97,200 രൂപ) ഇദ്ദേഹത്തിന് ലഭിച്ച സമ്മാനത്തുക.ലൈവ് ഷോയ്‌ക്കിടെ സന്തോഷവാർത്ത അറിയിക്കാനായി കൃഷ്‌ണകുമാറിനെ അവതാരകരായ ബൗച്രയും റിച്ചാർഡും വിളിച്ചെങ്കിലും ഫോൺ സ്വിച്ച്‌ഡ് ഓഫായിരുന്നു.
43കാരനായ കൃഷ്‌ണകുമാർ ബിസിനസുകാരനാണ്. അദ്ദേഹം കഴിഞ്ഞ 23 വർഷമായി ബഹ്‌റൈനിൽ താമസിക്കുന്നു. കുടുംബം കേരളത്തിലാണ്. കഴിഞ്ഞ ഏഴ് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കാറുള്ള വ്യക്തിയാണ് കൃഷ്‌ണകുമാർ. സുഹൃത്തക്കളുമായി ചേർന്നും ഒറ്റയ്‌ക്കും ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഇപ്പോൾ സമ്മാനം ലഭിച്ചത് ഒറ്റയ്‌ക്കെടുത്ത ടിക്കറ്റിനാണെന്നും അദ്ദേഹം പറഞ്ഞു.
വിജയിച്ചു എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അക്ഷരാർത്ഥത്തിൽ വിറയ്‌ക്കുകയായിരുന്നു എന്നും കൃഷ്‌ണകുമാർ പറഞ്ഞു. സമ്മാനത്തുക എങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. കുടുംബവുമായി ചർച്ച ചെയ്‌ത ശേഷമാകും തീരുമാനമെടുക്കുക. എപ്പോഴും പോസിറ്റീവായിരിക്കുക, ടിക്കറ്റ് എടുത്തുകൊണ്ടേയിരിക്കുക എന്നും കൃഷ്‌ണകുമാർ പറഞ്ഞു.
പ്രോത്സാഹന സമ്മാനം നേടിയ അഞ്ചുപേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ദുബായിൽ താമസിക്കുന്ന കിഷോരേഷ് റൗട്ട് ഒരു കോടി ദിർഹവും ഷാർജയിൽ താമസിക്കുന്ന ജിനോയ് കുമാർ അഞ്ച് ലക്ഷം ദിർഹവും ദുബായിൽ താമസിക്കുന്ന ശരദ് കുമാർ സിംഗ് രണ്ടര ലക്ഷം ദിർഹവും ഷാർജയിൽ താമസിക്കുന്ന പർഭുറാം യാദവ്, സൗദിയിൽ താമസിക്കുന്ന പ്രകാശൻ എന്നിവർ ഒരു ലക്ഷം ദിർഹവും സ്വന്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |