SignIn
Kerala Kaumudi Online
Friday, 11 September 2026 11.15 AM IST

വന്ധ്യതാ പരിശോധന വഴിത്തിരിവായി; 26കാരന്റെ വയറ്റിൽ ഗർഭപാത്രം കണ്ടെത്തി

representational-image
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വന്ധ്യതയ്‌ക്ക് ചികിത്സ തേടിയ 26കാരന്റെ ശരീരത്തിൽ ഗർഭപാത്രം കണ്ടെത്തി. പെർസിസ്റ്റന്റ്‌ മ്യൂളേറിയൻ ഡക്‌റ്റ് സിൻഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം. 300ൽ താഴെ കേസുകൾ മാത്രമാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.

പുരുഷന്മാരിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന രോഗമാണിത്. പുരുഷന്മാരുടെ ശാരീരിക ഘടനയുള്ള ഒരാളിൽ ഗർഭപാത്രം, ഫാലോപ്യൻ ട്യൂബുകൾ തുടങ്ങി സ്‌ത്രീകളുടെ പ്രത്യുൽപ്പാദന അവയവങ്ങൾ കാണപ്പെടുന്ന അവസ്ഥയാണിത്. ജന്മനാ ഉണ്ടാകുന്ന ഈ രോഗത്തെ സാധാരണയായി കുട്ടിക്കാലത്തുതന്നെ തിരിച്ചറിയാൻ സാധിക്കും. അതിനാൽതന്നെ മുതിർന്ന ഒരാളിൽ ഈ രോഗം കണ്ടെത്തുന്നത് അസാധാരണമാണ്.

രാജഗൗരി ഗാ‌‌ർഡനിലെ ആർജി ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് യുവാവിന്റെ രണ്ട് വൃഷണങ്ങളും വൃഷണസഞ്ചിയിലേക്ക് ഇറങ്ങിവരാത്ത അവസ്ഥയിലാണെന്നും അതിലൊന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന മാറ്റങ്ങൾ സംഭവിക്കുന്നതായും കണ്ടെത്തിയത്. നേരത്തെ വന്ധ്യതയ്‌ക്കുള്ള ചികിത്സ തേടിയിരുന്ന ഇദ്ദേഹത്തിന് 'അസോസ്‌പെർമിയ' ( ബീജകോശങ്ങൾ തീർത്തും ഇല്ലാത്ത അവസ്ഥ) ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് അപൂർവ രോഗം കണ്ടെത്തിയത്.

എംആർഐ പരിശോധനയിൽ പെർവിസിനുള്ളിൽ ഗർഭപാത്രത്തിന് സമാനമായ ഘടന കണ്ടെത്തി. ഫലോപ്യൻ ട്യൂബുകളോട് സാമ്യമുള്ള ഘടനകളും പരിശോധനയിൽ വ്യക്തമായി. പിന്നാലെ നടത്തിയ ശസ്‌ത്രക്രിയയിലൂടെ യുവാവിന്റെ ശരീരത്തിൽ അസാധാരണമായി കണ്ടെത്തിയ പ്രത്യുൽപ്പാദന അവയവങ്ങളും കേടുപാടുകൾ സംഭവിച്ച വൃക്ഷണങ്ങളും നീക്കം ചെയ്‌തു. ആശുപത്രിയിലെ ചീഫ് യൂറോളജിസ്റ്റ് ഡോ. സുശീൽ ബർബന്ദയുടെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ.

English Summary

A 26-year-old man undergoing infertility treatment was diagnosed with rare PMDS. Doctors found a uterus and undescended testes, with precancerous changes in one testis.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAN BORN WITH UTERUS, PERSISTENT MULLARIAN DUCT SYNDROME, MEDICAL DISCOVERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360