
ചെന്നൈ: തമിഴ്നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒക്ടോബർ 6ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടി.വി.കെ. മധുരാന്തകം, ധാരാപുരം എന്നീ മണ്ഡലങ്ങളിലാണ് പ്രഖ്യാപിച്ചത്. മുൻ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാരായ കെ. മരഗതാം കുമാരവേൽ, പി. സത്യഭാമ എന്നിവരാണ് യഥാക്രമം മധുരാന്തകം, ധരാപുരം മണ്ഡലങ്ങളിൽ മത്സരിക്കുക. ഏപ്രിൽ 23ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥികളായി വിജയിച്ചവരാണ് ഇരുവരും. പിന്നീട് എം.എൽ.എ സ്ഥാനം രാജിവച്ച് ടി.വി.കെയിൽ ചേരുകയായിരുന്നു. ഇതോടെയാണ് രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇരുവർക്കും മണ്ഡലങ്ങളിലുള്ള വ്യക്തിപ്രഭാവവും വോട്ടുബാങ്കും നിലനിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാർട്ടി അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ പ്രധാന എതിരാളിയായ ഡി.എം.കെയുമായി നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങി. എ.ഐ.എ.ഡി.എം.കെയും മത്സരരംഗത്തെത്തുമെന്നതിനാൽ ഇരുമണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരത്തിനാണ് സാദ്ധ്യത. ധരാപുരം മണ്ഡലത്തിലേക്ക് അഭിഭാഷകയായ എസ്. സുഗന്യയെയും മധുരാന്തകത്ത് മുൻ എം.എൽ.എ കൂടിയായ അഭിഭാഷകൻ ഐ. പരന്ദാമനെയുമാണ് ഡി.എം.കെ സ്ഥാനാർത്ഥികളാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |