ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഡൽഹിയിലെത്തി. പുലർച്ച പാലം വിമാനത്താവളത്തിലെത്തിയ പുടിനെ വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗും വിദേശകാര്യ മന്ത്റാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും റഷ്യൻ നയതന്ത്റജ്ഞരും ചേർന്നാണ് സ്വീകരിച്ചത്. 2022 ഫെബ്രുവരിയിൽ യുക്രെയിൽ യുദ്ധം ആരംഭിച്ചതിനുശേഷം റഷ്യയ്ക്ക് പുറത്തുനടക്കുന്ന ഒരു ബ്രിക്സ് ഉച്ചകോടിയിൽ പുടിൻ നേരിട്ട് പങ്കെടുക്കുന്നത് ഇത് ആദ്യമാണ്.
ഇന്ന് പുടിനും മോദിയും സുപ്രധാനമായ ചില ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം, ഊർജ പങ്കാളിത്തം, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യും. ചില സുപ്രധാന തീരുമാനങ്ങളും ഉണ്ടായേക്കും എന്നും കരുതുന്നുണ്ട്. നിലവിലെ ലോക രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യയും റഷ്യയുമായുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുക എന്നതാണ് കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ഭാരത് മണ്ഡപത്തിൽ നാളെയും മറ്റന്നാളുമായാണ് 18-ാമത് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നത്. ലോകനേതാക്കൾ പങ്കെടുക്കുന്നതിനാൽ ശക്തമായ സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് നാളെയെത്തും. ഏഴുവർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഷീ ജിൻപിംഗ് ഇന്ത്യയിലെത്തുന്നത്. നയതന്ത്ര- ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളും ശ്രമം തുടങ്ങിയ ശേഷമുള്ള സന്ദർശനത്തിൽ അദ്ദേഹം മോദിയുമായി ചർച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ചർച്ചകളും ഉണ്ടാവും എന്നാണ് കരുതുന്നത്.
പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യ മദ്ധ്യസ്ഥത വഹിക്കണമെന്ന ആവശ്യം ശക്തമായിരിക്കെ, സൗദി, യു.എ.ഇ, ഇറാൻ രാജ്യങ്ങൾ ഒരു വേദിയിലെത്തുന്ന ഉച്ചകോടിയെ ലോകം ഉറ്റുനോക്കുകയാണ്. ഇറാന് പിന്തുണ നൽകുന്ന റഷ്യ, ചൈന ഭരണാധികാരികളുടെ സാന്നിദ്ധ്യവും നിർണായകം.
ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നാലാം തവണ നടക്കുന്ന ഉച്ചകോടിയുടെ പ്രധാന പ്രമേയം പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക എന്നതാണ്. വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക ഉന്നമനവും അന്താരാഷ്ട്ര തല പ്രാതിനിദ്ധ്യവും ശക്തമാക്കൽ, വ്യാപാര തടസങ്ങൾ ഒഴിവാക്കാൻ പ്രാദേശിക കറൻസികളിലുള്ള വ്യാപാരം, സുസ്ഥിര വികസനവും കാലാവസ്ഥയും തുടങ്ങിയവയും ചർച്ചയാകും.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, യു.എ.ഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കും.
Russian President Vladimir Putin arrived in New Delhi to attend the BRICS Summit. He was received at Palam Airport early in the morning by Minister of State for External Affairs Kirti Vardhan Singh, senior officials from the Ministry of External Affairs, and Russian diplomats.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |