
ന്യൂഡൽഹി: രാജ്യവ്യാപകമായി ജി.എസ്.ടി രജിസ്ട്രേഷന് ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കി ഡൽഹി ഹൈക്കോടതി. ബയോമെട്രിക് സംവിധാനത്തിൽ അധിഷ്‌ഠിതമായ ആധാർ വെരിഫിക്കേഷൻ മുഖേനയല്ലാതെ പുതിയ ജി.എസ്.ടി രജിസ്ട്രേഷൻ അനുവദിക്കരുതെന്നാണ് ജി.എസ്.ടി അധികൃതർക്കുള്ള നിർദ്ദേശം. പാൻകാർഡിലെയും ആധാർകാർഡിലെയും വിവരങ്ങൾ ദുരുപയോഗം ചെയ്‌ത് തട്ടിപ്പു നടക്കുന്നുവെന്ന ഹർജികളിലാണ് ജസ്റ്റിസുമാരായ അനിൽ ഖെതർപാൽ, ശൈൽ ജെയിൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. 2023-24 കാലത്ത് 2800ൽപ്പരം വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകൾ നടന്നുവെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം രാജ്യസഭയെ അറിയിച്ചത് കോടതി കണക്കിലെടുത്തു. 2024-25 കാലത്ത് ഇത്തരം തട്ടിപ്പിലൂടെ 13109 കോടി രൂപയുടെ നികുതി തട്ടിപ്പു നടന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. ആധാർ വെരിഫിക്കേഷൻ കേന്ദ്രം നിർബന്ധമാക്കി ഒരുവർഷം കഴിഞ്ഞിട്ടും രാജ്യവ്യാപകമായി പൂർണതോതിൽ നടപ്പാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |