
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടി നടക്കാൻ മണിക്കൂറുകൾ മാത്രം. ഉച്ചകോടിയിലെ നിർണായകവും വെല്ലുവിളിയായതുമായ വിഷയങ്ങളിലൊന്ന് പശ്ചിമേഷ്യൻ യുദ്ധമാണ്. ഇറാൻ-യു.എ.ഇ ഭിന്നത എങ്ങനെയാണ് ഉച്ചകോടിയിൽ കൈകാര്യം ചെയ്യുകയെന്നത് ലോകം ഉറ്റുനോക്കും. സമാപന ദിവസം പുറത്തിറക്കേണ്ട സംയുക്ത പ്രഖ്യാപനത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തെ എങ്ങനെ പരാമർശിക്കണമെന്നതിലടക്കം തർക്കമുണ്ട്. ഭിന്നത മറികടന്ന് ഇരുരാജ്യങ്ങളെയും പൊതുനിലപാടിലെത്തിക്കാൻ ബ്രിക്സ് ഷെർപ്പമാർ ഡൽഹിയിൽ അവസാനവട്ട ചർച്ചകൾ തുടരുകയാണ്.
ഭിന്നതകൾക്ക് പാലമിട്ട് പൊതുനിലപാട് രൂപപ്പെടുത്തുക എന്നതാണ് അദ്ധ്യക്ഷ രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ നയതന്ത്ര ദൗത്യം. മേയിൽ ഡൽഹിയിൽ നടന്ന ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലും ഇറാൻ-യു.എ.ഇ ഭിന്നത മൂലം സംയുക്ത പ്രസ്താവന പുറത്തിറക്കാനായിരുന്നില്ല. ഇത്തവണയും സമാന സാഹചര്യമുണ്ടായാൽ ഇന്ത്യക്കത് തിരിച്ചടിയാകും. അതിനാൽ ഇരുപക്ഷത്തിനും സ്വീകാര്യമായ ഭാഷയിൽ സംയുക്ത പ്രഖ്യാപനം സാദ്ധ്യമാക്കാനാകും ഇന്ത്യയുടെ ശ്രമം.
ഇറാനുമായും യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ ഗൾഫ് രാജ്യങ്ങളുമായും ഒരേസമയം അടുത്ത ബന്ധം പുലർത്തുന്നതിനാൽ ഇന്ത്യയ്ക്ക് ആശയവിനിമയത്തിന് തടസമില്ല. മദ്ധ്യസ്ഥത ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബ്രിക്സിലെ സമവായശ്രമങ്ങൾ ആ ദിശയിലാണ് നീങ്ങുന്നത്. സംയുക്ത നിലപാട് സാദ്ധ്യമാക്കാനായാൽ ഇന്ത്യയുടെ നയതന്ത്രശേഷിക്ക് വലിയ അംഗീകാരമാകും. 'തന്ത്രപരമായ സ്വയംഭരണം" എന്ന ഇന്ത്യയുടെ വിദേശനയ സമീപനത്തിനും ശക്തിപകരും.
നയതന്ത്ര, സാമ്പത്തിക
താത്പര്യം
ഹോർമുസിലൂടെയുള്ള എണ്ണക്കടത്ത് തടസപ്പെടുന്നത് ആശങ്കയാണ്. ക്രൂഡ് വില ഉയരുന്നത് ഇറക്കുമതിച്ചെലവ് വർദ്ധിപ്പിക്കുന്നതിനൊപ്പം പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകർച്ച, ഗതാഗത-ഉത്പാദനച്ചെലവ് വർദ്ധന എന്നിവയ്ക്കും കാരണമാകും. അതിനാൽ പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവുണ്ടാകണമെന്ന നയതന്ത്ര താത്പര്യത്തിനൊപ്പം എണ്ണവിതരണ പാതകൾ സുരക്ഷിതമായി നിലനിറുത്തണമെന്ന സാമ്പത്തിക താത്പര്യവും ഇന്ത്യയ്ക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |