SignIn
Kerala Kaumudi Online
Thursday, 08 October 2026 3.47 PM IST

വിമാനത്തിന് മിന്നലേറ്റാൽ യാത്രക്കാർക്ക് പ്രശ്നമുണ്ടാകുമോ, സർവതും ചുട്ടുകരിക്കാൻ കഴിയുന്ന വൈദ്യുതി പ്രവഹിക്കുമ്പോൾ സംഭവിക്കുന്നതെന്ത്?

flight
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സാധാരണ മിന്നലേൽക്കുന്നത് പ്രദേശത്തെ ഉയർന്ന വസ്തുവിലാണ്. അങ്ങനെയെങ്കിൽ ഉയരെ ആകാശത്തിൽ പറക്കുന്ന വിമാനങ്ങൾക്ക് മിന്നലേറ്റാൽ യാത്രക്കാർക്ക് എന്തെങ്കിലും സംഭവിക്കില്ലേ? പാട്നയിൽ നിന്ന് ലക്‌നൗവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റെന്ന വാർത്ത പുറത്തുവന്നതോടെ ഏറ്റവുംകൂടുതൽ ഉയരുന്ന ചോദ്യമാണിത്. വിമാനത്തിന് മിന്നലേറ്റാൽ യാത്രക്കാർക്ക് ഒരു പ്രശ്നവുമുണ്ടാവില്ല. അതിനുദാഹരണമാണ് ഇൻഡിഗോ വിമാനത്തിന് സംഭവിച്ചത്. വിമാനങ്ങളുടെ നിർമാണത്തിലെ ചില പ്രത്യേകതകൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ശരാശരി കണക്കുപ്രകാരം ഓരോ യാത്രാവിമാനത്തിനും വർഷത്തിൽ രണ്ടുതവണയെങ്കിലും മിന്നലേൽക്കാറുണ്ട്. പക്ഷേ, യാത്രക്കാർക്കോ ജീവനക്കാർക്കോ ഒരുതരത്തിലുള്ള അപകടവും ഉണ്ടാവില്ല. എന്നുമാത്രമല്ല വിമാനത്തിനും കാര്യമായ പ്രശ്നങ്ങളുണ്ടാവില്ല. എല്ലാം ചുട്ടുകരിക്കാൻ തക്ക ശേഷിയുള്ള വൈദ്യുതിയാണ് മിന്നലിൽ നിന്ന് പുറത്തുവരുന്നതെന്ന് ഓർക്കണം. എങ്കിലും ഇന്ന് മിന്നലേറ്റ വിമാനത്തിന്റെ മുൻഭാഗത്തെ നോസ് കോൺ എന്ന ഭാഗത്തിനുമാത്രമാണ് കേടുണ്ടായത്.

ഫാരഡെ കേജ് തത്വമാണ് വിമാനങ്ങളെ മിന്നലിൽ നിന്ന് രക്ഷിക്കുന്നത്. വിമാനം നിർമ്മിച്ചിരിക്കുന്നത് വൈദ്യുതി കടന്നുപോകുന്ന വസ്തുക്കൾ കൊണ്ടാണ്. അതിനാൽ മിന്നലേൽക്കുമ്പോൾ പുറത്തേക്കുവരുന്ന വൻതോതിലുള്ള വൈദ്യുതി വിമാനത്തിന്റെ ഉള്ളിലേക്ക് കടക്കാതെ പുറംഭാത്തുകൂടി (ബോഡി) മാത്രം സഞ്ചരിക്കുന്നു. ഇങ്ങനെ സഞ്ചരിക്കുന്ന വൈദ്യുതി ചിറകുകളിലൂടെയോ വാലുകളിലൂടെയോ തിരികെ അന്തരീക്ഷത്തിലേക്ക് തന്നെ പോകുന്നു. ഇതാണ് വിമാനങ്ങളെ സുരക്ഷിതമാക്കുന്നത്. എൻജിനുകൾ, ഇന്ധനടാങ്കുകൾ, മറ്റ് ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവ കട്ടിയുള്ള പ്രത്യേക കവചങ്ങൾ ഉപയോഗിച്ച് സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. അധിക സംരക്ഷണം എന്നനിലയിലാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.

മിന്നലേൽക്കുന്നത് യാത്രക്കാർക്ക് അനുഭവപ്പെടുമോ?

മിന്നലേൽക്കുന്നത് യാത്രക്കാർക്ക് അറിയാൻ കഴിയും എന്നാണ് റിപ്പോർട്ടുകൾ. വലിയൊരു ശബ്ദം കേൾക്കുകയോ അല്ലെങ്കിൽ ശക്തമായ വെളിച്ചം അനുഭവപ്പെടുകയോ ആവും ചെയ്യുക. ചില അവസരങ്ങളിൽ വിമാനത്തിന് നേരിയ കുലുക്കവും അനുഭവപ്പെടാറുണ്ടത്രേ.

മുൻഭാഗത്തുമാത്രം കേടുണ്ടാകുന്നതിന് കാരണം?

മിന്നലേൽക്കുമ്പോൾ വിമാനത്തിന്റെ മുൻഭാഗത്തുമാത്രമാണ് കേടുണ്ടാവുന്നത്. വിമാനത്തിന്റെ ബോഡിയിൽ ലോഹമല്ലാത്ത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഏകഭാഗം നോസ് കോൺ എന്നറിയപ്പെടുന്ന മുൻഭാഗമാണ്. ഫൈബർ ഗ്ളാസ് പോലുള്ളവ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മഴ മേഘങ്ങളും കൊടുങ്കാറ്റും കണ്ടെത്താനുള്ള വെതർ റഡാർ സ്ഥാപിച്ചിരിക്കുന്നത് ഇതിനുള്ളിലാണ്. ലോഹംകൊണ്ട് ഈ ഭാഗം നിർമ്മിച്ചാൽ റഡാർ സിഗ്നലുകൾ തടസപ്പെടും. അതിനാലാണ് ഇവിടം ഫൈബർ ഗ്ളാസ് പോലുള്ളവ കൊണ്ട് നിർമ്മിച്ചിരിക്കുന്നത്.

അതിനാൽ, മിന്നലിന്റെ ആഘാതംമൂലം നോസ് കോണിന് കേടുപാടുകളുണ്ടാവും. ഇൻഡിഗോ വിമാനത്തിലും സംഭവിച്ചത് ഇതുതന്നെയാണ്. സുരക്ഷിതമായി ലാൻഡുചെയ്ത വിമാനത്തിൽ കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനൊപ്പം മറ്റുഭാഗങ്ങളിലെ സുരക്ഷാ പരിശോധനയും നടത്തും. തുടർന്നാവും വീണ്ടും സർവീസിന് അനുമതി നൽകുക.

English Summary

An Indigo flight recently struck by lightning from Patna to Lucknow highlighted aircraft safety protocols. Airplanes are designed to withstand lightning strikes, frequently experiencing them without major incidents. The Faraday cage principle protects passengers by channeling electricity along the plane's exterior. Damage is usually confined to the non-metallic nose cone, which houses the weather radar, as observed in the Indigo incident, ensuring passenger safety.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIRCRAFT LIGHTNING STRIKE, FLIGHT SAFETY, LIGHTNING PLANE, PASSENGER SAFETY, AIRPLANE LIGHTNING MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360