ന്യൂഡൽഹി: രാജ്യത്ത് വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) സേവനം നൽകുന്ന കമ്പനികൾക്കുമേൽ നിയന്ത്രണം ശക്തമാക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി പുതിയ നിയമം കൊണ്ടുവരാൻ ഒരുങ്ങുകയാണ് സർക്കാർ. രാജ്യത്ത് ടിക്ക് ടോക്ക് ഉൾപ്പെടെയുള്ല നിരോധിച്ച ആപ്പുകളും വെബ്സൈറ്റുകളും ഉപയോഗിക്കുന്നതിനായി ആളുകൾ വിപിഎൻ ദുരുപയോഗം ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം.
ഈ നിയമപ്രകാരം വിപിഎൻ കമ്പനികൾ ഇന്ത്യയിൽ പ്രത്യേക കംപ്ലയൻസ് ഓഫീസർമാരെ നിയമിക്കണം. സർക്കാരുമായും അന്വേഷണ ഏജൻസികളുമായും സഹകരിച്ച് പ്രവർത്തിക്കണം. ഇത്തരം കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും നിയമനിർമ്മാണം. 2022ൽ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഉപയോക്താക്കളുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ, ഐപി അഡ്രസ് എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ വിപിഎൻ കമ്പനികളോട് അഞ്ചുവർഷമെങ്കിലും സൂക്ഷിക്കണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ തങ്ങളുടെ സ്വകാര്യതയെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ കമ്പനികൾ രംഗത്തുവന്നിരുന്നു. എന്നാൽ സൈബർ തട്ടിപ്പുകാരെ പിടികൂടാൻ മാത്രമാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നതെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. പുതിയ നിയമപ്രകാരം ഉപഭോക്താക്കളുടെ വിവരങ്ങൾ അഞ്ച് വർഷത്തേക്ക് കമ്പനികൾ നിർബന്ധമായും ശേഖരിച്ചുവയ്ക്കണം. വിപിഎൻ, ക്ലൗഡ് കമ്പനികൾ, ഡാറ്റാ സെന്ററുകൾ എന്നീ കമ്പനികൾക്കും നിയമം ബാധകമാണ്. ഈ നിയമം പാലിക്കാത്ത പക്ഷം കമ്പനികളുടെ പ്രാദേശിക ജീവനക്കാർ കർശന നടപടികൾ നേരിടേണ്ടി വരും. രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി നിയമങ്ങൾ കർശനമായി നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |