SignIn
Kerala Kaumudi Online
Monday, 19 October 2026 12.56 AM IST

ചൈനീസ് ഇന്റലിജൻസ് പ്രവർത്തകരുമായി ബന്ധം,​ രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങൾ പങ്കുവച്ചു; സൈനികന്റെ ഭാര്യയ്‌ക്കെതിരെ കേസ്

ai-image
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ചൈനയുമായി ബന്ധമുള്ള വിദേശ രഹസ്യാന്വേഷണ ഏജൻസികൾക്കായി ജോലി ചെയ്യുന്നതായി സംശയിക്കുന്ന വ്യക്തികൾക്ക് രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങൾ പങ്കുവച്ചതിന് ജമ്മു കാശ്മീരിൽ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തെലങ്കാന സ്വദേശിയായ യുവതിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

എഐ ടൂളുകൾ ഉപയോഗിച്ചാണ് യുവതി ചൈനയ്ക്ക് വിവരങ്ങൾ ചോർത്തിയതെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക രഹസ്യ നിയമം, ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. 2023ൽ ഐക്യരാഷ്ട്രസഭയിൽ ഐ.ടി. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ യുവതി ഇപ്പോൾ സ്വതന്ത്ര ഗവേഷകയായി പ്രവർത്തിക്കുകയാണ്.

ഭർത്താവിനൊപ്പം ജമ്മുവിലാണ് യുവതിയുടെ താമസം. വെള്ളിയാഴ്ച ഗാന്ധി നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥൻ യുവതിയെ ചോദ്യം ചെയ്തു. എന്നാൽ ഇതുവരെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. യുവതി ചില ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങളുടെ സ്വഭാവം, അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും രഹസ്യവിവരങ്ങളോ രേഖകളോ വിദേശ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധമുള്ളവരിലേക്ക് കൈമാറിയിട്ടുണ്ടോയെന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.

ഒക്ടോബർ 14ന് പത്താൻകോട്ടിലേക്ക് പോകുന്നതിനായി ജമ്മു താവി റെയിൽവേ സ്റ്റേഷനിലെത്തിയ യുവതിയെ പൊലീസും, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും ചേർന്ന് തടഞ്ഞുവച്ചിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനായി സമീപത്തെ സൈനിക കേന്ദ്രത്തിലേക്ക് മാറ്റി. യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ്, ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ യുവതി സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, യുവതി രഹസ്യവിവരങ്ങൾ കൈമാറിയതായി പ്രാഥമിക അന്വേഷണത്തിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിദേശ സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ യുവതിക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

കേസിൽ അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

English Summary

A case has been registered in Jammu and Kashmir against a military officer's wife, a Telangana native, for allegedly sharing strategic information with China-linked foreign intelligence agencies. She is accused of using AI tools for data leaks. Facing charges under the Official Secrets Act, she has been questioned but not arrested as investigations into her research activities continue.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, INTELLIGENCE AGENCY, ARMY OFFICER WIFE, LINKS FOREIGN AGENCIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360