ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ ബിജെപി നേതാവും യുവമോര്‍ച്ച സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ അനില്‍ ശ്രീവാസ്തവ, ഇയാളുടെ ഒപ്പമുള്ള ഒരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സാഗര്‍ ജില്ലയിലെ ബുന്ദെല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.
പുലര്‍ച്ചെയോടെയാണ് ലക്ഷ്മി തിവാരി എന്ന പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിച്ചത്. രോഗിയെ ചികിത്സയ്ക്ക് എത്തിച്ചതിന് ഒപ്പം അനിലും സഹായിയും എത്തിയിരുന്നു. വനിതാ ഡോക്ടര്‍ എത്തി ചികിത്സ തുടങ്ങിയതിന് പിന്നാലെ അപമര്യാദയായി പെരുമാറാന്‍ തുടങ്ങുകയായിരുന്നു.
അനില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഡോക്ടറുടെ പരാതിയില്‍ പറയുന്നു. രണ്ട് പുരുഷന്മാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് നഴ്‌സിംഗ് ജീവനക്കാരും പരാതിപ്പെട്ടിട്ടുണ്ട്.
സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇവരെ പിടികൂടുന്നതുവരെ സമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരും ജീവനക്കാരും ആശുപത്രി കവാടത്തിന് മുന്നില്‍ പ്രതിഷേധിച്ചു. പൊലീസ് സ്ഥലത്ത് എത്തി ഇവരുമായി ചര്‍ച്ച നടത്തുകയും പ്രതികളെ ഉടനെ പിടികൂടുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.
പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും ഇരുവരേയും ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് ആരോപണം. അതേസമയം, ലക്ഷ്മി തിവാരി എന്ന രോഗിയെ ചികിത്സയ്ക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ ആശുപത്രയിലേക്ക് നിരവധി ഫോണ്‍കോളുകളുകള്‍ എത്തിയെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |