SignIn
Kerala Kaumudi Online
Wednesday, 27 May 2026 11.54 PM IST

ധർമസ്ഥല കേസിൽ വൻ വഴിത്തിരിവ്; പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, പറഞ്ഞതെല്ലാം കള്ളം

police

ധർമസ്ഥല: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ പരാതിക്കാരൻ അറസ്റ്റിൽ. ലൈഗികാതിക്രമം നടത്തി സ്‌ത്രീകളെ കൊന്ന് നേത്രാവതി നദിക്കരയിൽ കുഴിച്ചുമൂടിയെന്ന് ആരോപിച്ച മുൻ ശുചീകരണ തൊഴിലാളിയെയാണ് അറസ്റ്റ് ചെയ്‌തത്. അരക്കോടി രൂപ ചെലവഴിച്ച് നദിക്കരയിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അതിനാൽ, വെളിപ്പെടുത്തൽ നടത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു.

2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് നിന്നും കാണാതായ അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് നേരത്തേ മൊഴി മാറ്റി പറഞ്ഞിരുന്നു. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും സുജാത ഭട്ട് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ഗിരീഷ് മട്ടന്നവറും ടി ജയന്തും കാരണമാണ് താൻ കള്ളം പറഞ്ഞത്. രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഈ വിവാദങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു.

പറഞ്ഞതെല്ലാം വാസ്‌തവ വിരുദ്ധമാണെന്നും അവർക്ക് മകളില്ലെന്നും സുജാതയുടെ സഹോദരനും പറഞ്ഞു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സുജാത വീടുവിട്ട് പോയി. നാൽപ്പത് വർഷത്തിനിടെ അത്യപൂർവമായി മാത്രമേ ബന്ധുക്കളെ സന്ദർശിച്ചിരുന്നുള്ളു. ഒരു വർഷത്തിന് മുമ്പ് വീട്ടിൽ വന്നപ്പോൾ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ പറഞ്ഞിരുന്നില്ലെന്നും അവരിപ്പോൾ വലിയ കോടീശ്വരിയാണെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

മംഗളൂരുവിലും മണിപ്പാലിലും മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു മകൾ അനന്യ എന്നാണ് സുജാത നേരത്തേ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ സ്ഥാപനത്തിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ അല്ലാതെ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ല. സുജാത കാണിച്ച ഫോട്ടോ ഇവർ പ്രണയത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകൾ വാസന്തിയാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, POLICE, DHARMASTHALA, COMPLAINANT, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360