SignIn
Kerala Kaumudi Online
Sunday, 08 November 2026 9.50 PM IST

സ്ഥലംമാറ്റം തടയാൻ ഐഎഎസ് ഉദ്യോഗസ്ഥ 75 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് കേന്ദ്രമന്ത്രി; ആരോപണം നിഷേധിച്ച് ഉദ്യോഗസ്ഥ

hd-kumaraswami
കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി

ബംഗളൂരു: സ്ഥലംമാറ്റം ഒഴിവാക്കാൻ ഹാസൻ ഡെപ്യൂട്ടി കമ്മിഷണർ ലതാകുമാരി 75 ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം വിവാദത്തിൽ. ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എം. ശിവലിംഗഗൗഡയ്ക്കാണ് പണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും ലതാകുമാരി വ്യക്തമാക്കി.

ഹാസനിലെ ഹസനാംബ ക്ഷേത്രം സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമാരസ്വാമി. ലതാകുമാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ശശികിരണും പേര് വെളിപ്പെടുത്താത്ത മറ്റൊരാളും തമ്മിൽ നടന്നുവെന്ന് കരുതുന്ന വാട്സാപ്പ് സംഭാഷണത്തിന്റെ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. സംഭാഷണത്തിൽ കൈക്കൂലി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നാണ് കുമാരസ്വാമിയുടെ അവകാശവാദം.

ക്വാറി ഉടമകളിൽ നിന്നും പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നവരിൽ നിന്നും വിവിധ അനുമതികൾക്കും ഭൂമി തരംമാറ്റുന്നതിനുമായി ഉദ്യോഗസ്ഥരുടെ ഓഫീസ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. ഇടനിലക്കാർ വഴി ശശികിരൺ പണം പിരിച്ച് ലതാകുമാരിക്ക് കൈമാറിയെന്നും കുമാരസ്വാമി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാട്സാപ്പ് സന്ദേശങ്ങളുടെ പകർപ്പുകളും അദ്ദേഹം പുറത്തുവിട്ടു.

അതേസമയം, കുമാരസ്വാമി ഉയർത്തിയ ആരോപണങ്ങൾ പൂർണമായും ലതാകുമാരി നിഷേധിക്കുകയും സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് അറിയിക്കുകയും ചെയ്‌തു. തന്റെ ഓഫീസിൽ നിന്നോ പേഴ്സണൽ അസിസ്റ്റന്റിന്റെ വിഭാഗത്തിൽ നിന്നോ തെറ്റായ സന്ദേശങ്ങൾ അയച്ചിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടക്കട്ടെ. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലതാകുമാരി ആവശ്യപ്പെട്ടു.

English Summary

Union Minister H.D. Kumaraswamy alleged that Hassan Deputy Commissioner Lathakumari paid a 75 lakh rupee bribe to district minister K.M. Shivalingagowda to avoid transfer, citing WhatsApp conversations as evidence. Lathakumari denied the allegations as baseless, stating she would file a police complaint against those spreading false news and investigate any wrongdoing from her office or personal assistant.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KUMARASWAMI, LATESTNEWS, BRIBERY, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360