അഹമ്മദാബാദ്: സിംഹത്തിന്റെ ആക്രമണത്തിൽ ക്ഷീരകർഷകന് ഗുരുതര പരിക്ക്. ഞായറാഴ്‌ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിലെ ഗരാജിയ ഗ്രാമത്തിൽ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കാലുഭായ് ബോഗോഭായ് പർമാർ എന്ന ക്ഷീരകർഷകനാണ് ആക്രമണത്തിന് ഇരയായത്. കന്നുകാലികൾക്ക് തീറ്റനൽകുന്നതിനിടെ വീടിന് സമീപത്തുവച്ചാണ് ഇയാളെ സിംഹം ആക്രമിച്ചത്.
കാലുഭായിയെ നിലത്തേയ്‌ക്ക് വീഴ്‌ത്തിയശേഷം അദ്ദേഹത്തിന്റെ കാലിൽ സിംഹം തന്റെ മുൻകാലുകൾ ഉപയോഗിച്ച് ചവിട്ടി പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. രക്തം വാർന്ന നിലയിൽ സിംഹത്തിന്റെ മുന്നിൽനിന്നും രക്ഷപ്പെടാനായി അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. ചുറ്റും കൂടിയ ഗ്രാമവാസികൾ ഉറക്കെ നിലവിളിച്ചും ബഹളം വയ്‌ച്ചും സിംഹത്തെ ഓടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏറെ നേരത്തേക്ക് ഭീതി പടർത്തിയ ശേഷമാണ് കർഷകനെ സ്വതന്ത്രനാക്കാൻ സിംഹം തയ്യാറായത്. ഉടൻതന്നെ നാട്ടുകാർ ചേർന്ന് കാലുഭായിയെ പാലിതാന സർക്കാർ ആശുപത്രിയിലെത്തിച്ചു. നിലവിൽ അദ്ദേഹം ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. സിംഹത്തിന്റെ ആക്രമണം ഉണ്ടായ ഉടൻ വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ സമയത്ത് സ്ഥലത്തെത്തിയില്ലെന്ന് കുടുംബവും നാട്ടുകാരും ആരോപിക്കുന്നു. പ്രദേശത്ത് മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം പതിവാകുന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |