SignIn
Kerala Kaumudi Online
Sunday, 26 July 2026 1.09 AM IST

ഒഴിവായത് പ്രതിസന്ധി

READ ENGLISH VERSION
p

ന്യൂ‌‌ഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലൂടെ മോദി സർക്കാർ ഒഴിവാക്കിയത് രാജ്യത്ത് ഉരുണ്ടുകൂടിയ രാഷ്ട്രീയ പ്രതിസന്ധി. പാ‌ർലമെന്റിന്റെ വർഷകാല സമ്മേളനം ജൂൺ 20ന് ആരംഭിച്ചെങ്കിലും ഒരു ദിവസം പോലും നേരാംവണ്ണം ചേരാൻ സാധിച്ചിട്ടില്ല. പ്രധാന്റെ രാജിക്കുശേഷം മാത്രം ചർച്ചയെന്ന് പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചതോടെ പല സുപ്രധാന ബില്ലുകളും അവതരിപ്പിക്കുന്നതിന് വലിയ തടസമാണ് സൃഷ്‌ടിക്കപ്പെട്ടത്.

പാർലമെന്റിന് അകത്ത് മാത്രമല്ല പുറത്തും പ്രതിപക്ഷം വിഷയം വഷളാക്കാൻ ശ്രമിക്കുന്നുവെന്ന് മോദി സർക്കാർ വിലയിരുത്തി. ജൂലായ് 20ന് സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിൽ ഡൽഹി യുദ്ധക്കളമായതോടെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നേരിട്ടിറങ്ങിയത് സമരത്തിന് വീര്യമായി. ജൂലായ് 21ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7,​ ലോക് കല്യാൺ മാർഗിനു മുന്നിൽ രാഹുലിന്റെ നേതൃത്വത്തിൽ അസാധാരണ ധർണ സമരം നടന്നത് സുരക്ഷാ ഏജൻസികളെ അടക്കം അമ്പരപ്പിച്ചു.

അതീവ സുരക്ഷാ മേഖലയിലെ സമരത്തിലേക്ക് പോലും പ്രതിപക്ഷം കടക്കുന്നത് കൈവിട്ട കളിയായി. ജൂലായ് 23ന് തീസ് ജനുവരി മാർഗിലെ ഗാന്ധി സ്‌മൃതിയിലേക്കും വിലക്ക് ലംഘിച്ച് പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചു. രാജ്യതലസ്ഥാനത്തും രാജ്യത്തെ മറ്റിടങ്ങളിലും ഈ അവസരം മുതലെടുത്ത് വ്യാപക കുഴപ്പങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് ഏജൻസികൾ കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ നേരിട്ട് ഇടപെട്ടു.

പാറ്റകളുമായി ചർച്ച നടത്താൻ കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദയെയും, ജിതേന്ദ്ര സിംഗിനെയും നിയോഗിച്ചു. രണ്ടാംവട്ട ചർച്ച നടന്ന വെള്ളിയാഴ്ച, 24 മണിക്കൂറിനുള്ളിൽ പ്രധാന്റെ രാജിയിൽ തീരുമാനമെടുക്കുമന്ന് സമരക്കാർക്ക് ഉറപ്പുനൽകി. സമ‌രക്കാരുടെ ആവശ്യങ്ങൾ മോദിയുമായി കേന്ദ്രമന്ത്രിമാ‌ർ സംസാരിച്ചു. അദ്ദേഹം മന്ത്രിസഭയിലെയും ബി.ജെ.പിയിലെയും ഉന്നതരുമായി ആശയവിനിമയം നടത്തി രാജിയിൽ തീരുമാനമെടുക്കാൻ പ്രധാനോട് പറഞ്ഞുവെന്നാണ് സൂചന. ആർ.എസ്.എസും കൈവിട്ടതോടെ പ്രധാൻ രാജി എഴുതി നൽകുകയായിരുന്നു. അതിവേഗത്തിൽ തന്നെ രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്ക് എത്തിക്കുകയും ചെയ്‌തു.

ജൂലായ് 23- ചോദ്യപേപ്പർ ചോർച്ചയിലെ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ നീക്കി നരേഷ് കുമാർ ഗാംഗ്‌വാറിനെ പകരം നിയമിച്ചു. കേരള കേഡറിലെ ടി.കെ. അനിൽകുമാറിനെ സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു. രാത്രി 11.52ന് മോദിയുടെ അസാധാരണ അർദ്ധരാത്രി സെൽഫി വീഡിയോ സന്ദേശം. കേന്ദ്ര ക്യാബിനറ്ര് യോഗത്തിൽ കടുത്ത തീരുമാനങ്ങളെടുക്കുമെന്നും,​ നിയമനിർമ്മാണം പരിഗണിക്കുന്നുവെന്നും മോദി.

ജൂലായ് 24 -മോദി ഇടപെട്ട് സോനം വാങ്‌ചുകിന്റെ നിരാഹാരം അവസാനിപ്പിച്ചു. ഉച്ചയ്‌ക്ക് സി.ജെ.പി വക്താക്കളായ സൗരവ് ദാസ്,അശുതോഷ് റാങ്ക എന്നിവരുമായി കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദ,ജിതേന്ദ്ര സിംഗ് എന്നിവർ ചർച്ച നടത്തി. പ്രധാന്റെ രാജിയിൽ അടുത്തദിവസം തീരുമാനമറിയിക്കാമെന്ന് ഉറപ്പുനൽകി. ചോദ്യപേപ്പർ ചോർച്ചയിലെ കുറ്റക്കാർക്ക് 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ശിക്ഷ നൽകാനുള്ള നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. എൻ.ടി.എയിൽ നിന്ന് 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു.

ജൂലായ് 25 -പ്രധാന്റെ രാജി അടക്കം സി.ജെ.പിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു. സമരം പിൻവലിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360