SignIn
Kerala Kaumudi Online
Sunday, 26 July 2026 1.54 AM IST

ജൻസിത്തിരയിൽ പ്രധാൻ വീണു,​ കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് വിജയകരമായ അന്ത്യം​

READ ENGLISH VERSION

abhijeet-deepke-

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതോടെ കേന്ദ്രസർക്കാരിനെ മുൾമുനയിലാക്കിയ കോക്രോച്ച് ജനതാ പാർട്ടിയുടെ ജെൻസി സമരത്തിന് വിജയകരമായ അന്ത്യം. ജന്ദർ മന്ദർ വിജയാഘോഷത്താൽ ഇളകി മറിഞ്ഞു. ജെൻസികൾ പൊട്ടിക്കരഞ്ഞു.

നീറ്റുമായി ബന്ധപ്പെട്ട മാനസികസമ്മർദ്ദത്താൽ ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളെ സ്‌മരിച്ച് മൗനപ്രാർത്ഥന നടത്തി. ജന്ദർ മന്ദറിൽ 36 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ച് പാറ്റകൾ പിൻവാങ്ങിത്തുടങ്ങി.

ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൾഹാദ് ജോഷിക്കാണ് വിദ്യാഭ്യാസ വകുപ്പിന്റെ താൽക്കാലിക ചുമതല.ആർ.എസ്.എസ് കൈവിട്ടതോടെയാണ് രാജിവച്ചതെന്ന് സൂചന.

രാജി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുപാർശ പ്രകാരം രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരിച്ചു. പ്രധാൻ രാജിവയ്‌ക്കണം,ആത്മഹത്യ ചെയ്‌ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപവീതം നഷ്‌ടപരിഹാരം നൽകണം,​ സമരക്കാർക്കെതിരെയുള്ള എഫ്.ഐ.ആറുകൾ പിൻവലിക്കണം, ഭാവിയിൽ കേസെടുക്കരുത് എന്നീ പാറ്റകളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാർ പൂർണമായും അംഗീകരിക്കുകയായിരുന്നു. ഉറപ്പുകൾ രേഖാമൂലം ചൊവ്വാഴ്ച കൈമാറും.

മൂന്നാംവട്ട ചർച്ചയ്‌ക്കു ശേഷം ഇന്നലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ കേന്ദ്രമന്ത്രിമാരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിംഗും, സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്കയും സൗഹാർദപരമായി കൈകൊടുത്ത് പിരിഞ്ഞു.

പരീക്ഷാ നടത്തിപ്പിലെ പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ച് കോക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) കൈമാറിയ നിർദ്ദേശങ്ങളിൽ പിന്നീട് വിശദമായ ചർച്ച നടത്തും.

ജൂൺ 20ന് പാറ്റകൾ പാർലമെന്റിലേക്ക് മാർച്ച് നടത്തിയതിനു പിന്നാലെ തുടങ്ങിയ സംഘർഷ സാഹചര്യം നീങ്ങിയത് പൊതുജനത്തിനും ആശ്വാസമായി.പാറ്റകൾ സമരം പിൻവലിച്ചതിനു പിന്നാലെ മെട്രോ സർവീസുകൾ പുനരാരംഭിച്ചു. സമരവേദി പൊളിച്ച്,​ സ്ഥലം വൃത്തിയാക്കിയാണ് പാറ്റകൾ പിൻവാങ്ങിയത്.

യുവജനത രാജ്യത്തിന്റെ

ശക്തിയെന്ന് പ്രധാൻ

ഇന്നലെ ഉച്ചയ്‌ക്ക് 2.18ഓടെയാണ് രാജി വിവരം ധ‌ർമേന്ദ്ര പ്രധാൻ എക്‌സ് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. യുവാക്കളെ അഭിസംബോധന ചെയ്‌ത് തുറന്ന കത്തും പോസ്റ്റ് ചെയ്‌തു. കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങളിൽ ദുഃഖിതനാണ്. വ്യക്തിപരമായ അന്തസിന്റെ വിഷയമല്ല. യുവജനതാണ് രാജ്യത്തിന്റെ യഥാർത്ഥ ശക്തി. അവരെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കാനാകില്ല. ജന്ദർമന്ദറിലും രാജ്യത്തും ഉടലെടുത്ത സാഹചര്യം രാജ്യവിരുദ്ധ ശക്തികൾ മുതലെടുക്കാതിരിക്കാൻ,രാജ്യത്തിന്റെ ഐക്യം നിലനിൽക്കാൻ,ഇന്ത്യയിലെ ഒരു വിദ്യാർത്ഥിയുടെയും ഭാവി നിയമക്കുരുക്കുകളിൽ കുടുങ്ങാതിരിക്കാൻ രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയച്ചുവെന്ന് വ്യക്തമാക്കി.

``മോദി സർക്കാരിനെ താഴെയിറക്കാൻ സമയമായി. പ്രധാന്റെ രാജി വിദ്യാഭ്യാസ മേഖല ഉടച്ചുവാർക്കുന്നതിലേക്കുള്ള ചുവടുവയ്‌പ്പാകണം. ജനാധിപത്യം സംരക്ഷിക്കാൻ തെരുവിലിറങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനം.``

-രാഹുൽ ഗാന്ധി

``നമ്മളത് സാദ്ധ്യമാക്കി. മോദി സർക്കാരിൽ രാജി വയ്‌ക്കലുണ്ടാകില്ലെന്നാണ് പറയപ്പെടുന്നത്. എന്നാൽ തല കുനിപ്പിക്കാൻ ചിലർ ആവശ്യമാണ്. പാറ്റകളോട് എതിരിടാൻ വരരുത്.``

-അഭിജീത് ദീപ്കെ

``ജനാധിപത്യം,സമാധാനം,ക്ഷമ,സ്ഥിരോത്സാഹം എന്നിവയുടെ വിജയമാണ്.``

-സോനം വാങ്‌ചുക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360