
ന്യൂഡൽഹി: മൂന്ന് പതിറ്റാണ്ടോളം മുമ്പ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ വിദ്യാർത്ഥി പ്രക്ഷോഭം നയിച്ചാണ് ധർമേന്ദ്ര പ്രധാൻ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. ഇപ്പോഴിതാ മറ്റൊരു ചോദ്യപേപ്പർ ചോർച്ചയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ അദ്ദേഹത്തിന് കാലിടറി. കേന്ദ്ര മന്ത്രിസ്ഥാനത്തു നിന്ന് പടിയിറങ്ങേണ്ടി വന്നു. ദേശീയ രാഷ്ട്രീയത്തിൽ ഇന്നുവരെ കാണാത്ത യാദൃശ്ചികതയ്ക്കാണ് 'പാറ്റ വിപ്ലവം' സാക്ഷ്യം വഹിച്ചത്.
1997ൽ ഒഡീഷയിൽ കോൺഗ്രസ് ഭരണകാലത്ത് നടന്ന ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ എ.ബി.വി.പി നടത്തിയ പ്രക്ഷോഭമാണ് ധർമന്ദ്രേ പ്രധാൻ എന്ന വിദ്യാർത്ഥി നേതാവിനെ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധേയനാക്കിയത്. അന്ന് എ.ബി.വി.പി ദേശീയ സെക്രട്ടറിയായിരുന്നു പ്രധാൻ. ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരേ 1500ലേറെ വിദ്യാർത്ഥികളെ അണിനിരത്തി ഒഡീഷ സെക്രട്ടേറിയറ്റിലേക്കും അന്ന് മുഖ്യമന്ത്രിയായിരുന്ന ജാനകി വല്ലഭ് പട്നായിക്കിന്റെ ഔദ്യോഗിക വസതിയിലേക്കും പ്രധാൻ നയിച്ച മാർച്ച് ദേശീയ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.
സമരക്കാർക്കു നേരെ അന്ന് ഒഡീഷ പൊലീസ് നത്തിയ ലാത്തിച്ചാർജ്ജിൽ പ്രധാന്റെ താടിയെല്ലിന് പൊട്ടലേറ്റിരുന്നു. ഒഡീഷ മണ്ണിൽ ബി.ജെ.പിക്ക് വേരോട്ടമുണ്ടാക്കാൻ വഴിതുറന്ന സംഭവം കൂടിയായിരുന്നു അത്. ഒഡീഷയിലെ ഉത്കൽ സർവകലാശാലയിൽ ആന്ത്രോപ്പോളജി വിദ്യാർത്ഥിയായിരിക്കെയാണ് പ്രധാൻ സമരം നയിച്ചത്.
1994 മുതൽ 1997വരെ എ.ബി.വി.പി ദേശീയ സെക്രട്ടറിയായിരുന്ന പ്രധാന് ബി.ജെ.പിയിൽ ഉന്നത സ്ഥാനത്തേക്ക് വഴിതുറന്നതും അന്നത്തെ ആ സമരമാണ്. ഒടുവിൽ അത്തരമൊരു വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞാണ് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ പടിയിറക്കവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |