SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.19 AM IST

കോച്ചുഫാക്ടറി ഇല്ല ; അതിവേഗ റെയിലും  , കേരളത്തിന്റെ  കാത്തിരിപ്പിന് കേന്ദ്രത്തിന്റെ കൂ കൂ ...

READ ENGLISH VERSION
sill


മെട്രോമാന്റെ പദ്ധതിയും വെളിയിലായി

ന്യൂഡൽഹി: നാല്പതു വർഷത്തിലേറെയായി കേരളം കാത്തിരിക്കുന്ന പാലക്കാട്ടെ കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി കേന്ദ്ര സർക്കാർ നിരസിച്ചു. വ്യവസായ വളർച്ചയ്ക്കും നിരവധി തൊഴിലിനും അവസരം നഷ്ടമായി.

വിവാദമായ സിൽവർലൈനും ബദലായി നിർദ്ദേശിച്ച അതിവേഗ റെയിലും ഇല്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറയിച്ചു.

സിൽവർ ലൈൻ പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചതിനാലാണ് ഉപേക്ഷിക്കുന്നതെന്ന് അശ്വിനിവൈഷ്ണവ് അറിയിച്ചു.

മെട്രോമാൻ ഇ. ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി നിലവിലെ രൂപത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന വിദഗ്‌ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പിന്മാറിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നിലവിലെ കോച്ച് ഫാക്ടറികൾ പര്യാപ്തമായതിനാൽ പുതിയത് ആവശ്യമില്ലെന്നും കഞ്ചിക്കോട്ട് റെയിൽവേ ഏറ്റെടുത്ത 228 ഏക്കർ ഭൂമി ഭാവി പദ്ധതികൾക്കായി ഉപയോഗിക്കുമെന്നും ജോൺ ബ്രിട്ടാസ് എം.പിക്കുള്ള മറുപടിയായി മന്ത്രി പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെ കാലത്ത് പ്രഖ്യാപിച്ച റായ്ബറേലിയിൽ നിന്നും തുടർന്ന് പശ്ചിമ ബംഗാളിലെ കാഞ്ചപ്രയിൽ നിന്നും ഹരിയാനയിലെ സോനിപ്പത്തിൽ നിന്നും കോച്ചുകളും ലോക്കോമോട്ടീവുകളും ലഭ്യമാണെന്നാണ് റെയിൽവേയുടെ നിലപാട്.

കേരളത്തിൽ 873 കിലോമീറ്റർ ദൈർഘ്യം വരുന്ന വിവിധ റെയിൽ ലൈനുകളുടെ വികസനവും സർവേ നടപടികളും വേഗത്തിലാക്കും. നാലു വരിപ്പാതയിലേക്ക് മാറാനുള്ള സർവേയും വേഗം പൂർത്തീകരിക്കും. കൂടുതൽ ട്രെയിനുകൾ അനുവദിക്കുന്നതിനു മുൻഗണന നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

'റെയിൽ പാത വികസനത്തിന് സർവേ ആരംഭിച്ചെങ്കിലും ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം വെല്ലുവിളി. ആവശ്യമായ 618 ഹെക്ടറിൽ 78 ഹെക്ടർ മാത്രമാണ് ഏറ്റെടുത്തത്. ഭൂമി ഏറ്റെടുക്കലിനായി 1976 കോടി രൂപ സംസ്ഥാനത്തിന് കൈമാറിയിട്ടുണ്ട്'

- അശ്വനി വൈഷ്‌ണവ്,

റെയിൽവേ മന്ത്രി

ആവിയായത് ഇന്ദിരാഗാന്ധിയുടെ വാഗ്ദാനം

1. 1982-ൽ നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനിയിൽ നടന്ന സമ്മേളനത്തിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചതാണ് കോച്ച് ഫാക്ടറി

2. 1984-ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷം കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂർത്തലയിലേക്കു പോയി. 423 കോടി രൂപയുടെ പദ്ധതിക്ക് 1985-ൽ തറക്കില്ലട്ടത് മകൻ രാജീവ് ഗാന്ധി

3. 2008-2009 ൽ യു.പി.എ സർക്കാരിൽ റെയിൽ മന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ബഡ്‌ജറ്റിലൂടെ പദ്ധതി വീണ്ടും അവതരിപ്പിച്ചു. വി.എസ്. അച്യുതാന്ദൻ സർക്കാർ ഇതിനായി 439 ഏക്കർ ഏറ്റെടുത്തു

4. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇതിൽ നിന്ന് 230 ഏക്കർ റെയിൽവേ പണം നൽകി ഏറ്റെടുത്തു

5. രണ്ടാം യു.പി.എ സർക്കാരിൽ റെയിൽ മന്ത്രിയായിരുന്ന ദിനേശ് ത്രിവേദി 2012 ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യത്തിൽ പദ്ധതിക്ക് തറക്കല്ലിട്ടു

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360