
ഹൈദരാബാദ്: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അമിതമായ പ്രീമിയം വർദ്ധനവ് പിൻവലിക്കണമെന്നും പുതുക്കൽ സമയപരിധി 60 ദിവസം കൂടി നീട്ടണമെന്നും ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (ഐമ) മുഖ്യമന്ത്രി വി.ഡി.സതീശനോട് അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് നോർക്ക റൂട്ട്സ് സി.ഇ.ഒയ്ക്ക് നിവേദനം നൽകി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി കുടുംബങ്ങളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. കേരള സർക്കാരിൽ വിശ്വസിച്ച് 2025 നവംബറിൽ ചേർന്ന അംഗങ്ങളിൽ പലരും സ്വകാര്യ ഇൻഷ്വറൻസ് റദ്ദാക്കിയവരാണെന്ന് ഐമ ദേശീയ സമിതി അംഗം ബി.സി.ആർ. നായർ പറഞ്ഞു.
5 ലക്ഷം രൂപയുടെ ഫാമിലി സ്കീമിന്റെ പ്രീമിയം 13,411 രൂപയിൽ നിന്ന് ജനറൽ വിഭാഗത്തിന് 21,960 ആയും, 51-60 വയസിന് 35,664 ആയും, 61-70 വയസിന് 44,718 ആയും, 71-80 വയസിന് 77,773 ആയും വർദ്ധിപ്പിച്ചു. ചേരുമ്പോൾ പ്രീമിയം പ്രായത്തിനനുസരിച്ച് കൂടില്ല എന്നായിരുന്നു വാഗ്ദാനം. പോസ്റ്റ്‌ഹോസ്പിറ്റലൈസേഷൻ ആനുകൂല്യം 60 ദിവസത്തിൽ നിന്ന് 30 ദിവസമായി കുറച്ചു.
പുതിയ നിരക്കുകൾ അറിയിച്ചത് കഴിഞ്ഞ മാസം 28നാണ്. കാലാവധി പെട്ടെന്ന് തീർന്നതിനാൽ കുടുംബങ്ങൾക്ക് പണം കണ്ടെത്താനായില്ല, നിലവിലുള്ള രോഗങ്ങൾക്കുള്ള തുടർച്ചാ ആനുകൂല്യം നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് പരാതിയിൽ പറയുന്നു.
വർദ്ധനവ് പിൻവലിക്കുന്നതോടൊപ്പം തുടർച്ചാ ആനുകൂല്യത്തോടെ പുതുക്കൽ സമയപരിധി ഡിസംബർ 31 വരെ നീട്ടണമെന്നാണ് പ്രധാന ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |