ഭോപ്പാൽ: 65കാരനായ വയോധികന്റെ ചുമലിലേറി യാത്ര ചെയ്‌ത റവന്യൂ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. മദ്ധ്യപ്രദേശിലെ സിധി ജില്ലയിലാണ് സംഭവം. ഫീൽഡ് വിസിറ്റിനിടെ വെള്ളക്കെട്ടുള്ള തോട് മറികടക്കാനായി വയോധികന്റെ ചുമലിലേറിയ പട്ട്വാരി നിലേഷ് നാംദേവിനെയാണ് അന്വേഷണത്തിന് പിന്നാലെ സസ്‌പെൻഡ് ചെയ്‌തത്.
മാതാ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഫീൽഡ് സർവേയ്‌ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഗ്രാമവാസിയായ ലാൽ കേവത്തിന്റെ ചുമലിലിരുന്നാണ് ഉദ്യോഗസ്ഥൻ വെള്ളക്കെട്ട് മറികടന്നത്.
വന്യമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് നാംദേവ് ലാൽവ മാതാ ഗ്രാമത്തിലെത്തിയത്. കേവത്തിന്റെ വീടും കൃഷിയിടവും പരിശോധിക്കേണ്ടതുണ്ടായിരുന്നു. ചെറിയൊരു തോടിന്റെ മറുവശത്താണിവ സ്ഥിതി ചെയ്യുന്നത്. വെള്ളം നിറഞ്ഞ സ്ഥലത്തെത്തിയപ്പോൾ ചെരുപ്പ് നനയാതിരിക്കാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെന്നാണ് വിവരം. തന്നെ മറുകരയിലെത്തിച്ചാൽ മാത്രമേ പരിശോധന നടത്താൻ കഴിയുവെന്ന് വയോധികനോട് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഇതേതുടർന്നാണ് ഉദ്യോഗസ്ഥനെ ചുമലിലേറ്റി നടക്കാൻ വയോധികൻ നിർബന്ധിതനായത്. ഇതുകണ്ട പ്രദേശവാസികളിൽ ഒരാളാണ് ദൃശ്യങ്ങൾ ഫോണിൽ പകർത്തിയത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് പിന്നാലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പാഥക് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. ഔദ്യോഗിക ഫീൽഡ് സന്ദർശനത്തിനിടെ റവന്യു ഉദ്യോഗസ്ഥൻ സ്വീകരിച്ച നടപടിക്കെതിരെ പ്രദേശവാസികളും രംഗത്തെത്തി. ഉദ്യോഗസ്ഥന്റെ നടപടി അംഗീകരിക്കാനാകില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
A Madhya Pradesh revenue official was suspended after a viral video showed him riding on a 65-year-old villager’s shoulders to cross a waterlogged stream during a field visit.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |