
കൊൽക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയെ പിടിച്ചുകുലുക്കിയ വ്യാജ ഒപ്പ് കേസില്‍ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ വസതിയിൽ സിഐഡി സംഘം. വ്യാജരേഖാ കേസ് അന്വേഷിക്കുന്ന സിഐഡി സംഘമാണ് കൊൽക്കത്തയിലെ മമതയുടെ വസതിയിൽ എത്തിയത്. പ്രതിപക്ഷ നേതാവിനെ നിയോഗിച്ച ടിഎംസി കത്തിലെ ഒപ്പുകൾ വ്യാജമെന്ന പരാതിയാണ് സിഐഡി അന്വേഷിക്കുന്നത്.
മൂന്ന് സിഐഡി സംഘങ്ങളാണ് ഒരേസമയം പരിശോധന നടത്തുന്നത്. മറ്റൊരു സംഘം മമത ബാനർജിയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിലും മൂന്നാമത്തെ സംഘം അദ്ദേഹത്തിന്റെ വസതിയിലുമാണ് പരിശോധന നടത്തുന്നത്. പാർട്ടിയ്ക്കുള്ളിൽ ആഭ്യന്തര കലഹവും പരസ്യ ഭിന്നതയും രൂക്ഷമായതിനിടെയാണ് മമത ബാനർജിയെ വീണ്ടും പ്രതിരോധത്തിലാക്കി സിഐഡിയുടെ നിർണായക നീക്കം.
നിയമസഭാ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചട്ടോപാധ്യായയെ തിരഞ്ഞെടുത്തത് അംഗീകരിച്ചുകൊണ്ട് സ്പീക്കർക്ക് നൽകിയ ഔദ്യോഗിക കത്തിൽ തൃണമൂൽ എംഎൽഎമാരുടെ പേരിന് നേരെ വ്യാജ ഒപ്പുകൾ ഉപയോഗിച്ചെന്നാണ് ആരോപണം. പാർട്ടി എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്തീപൻ സാഹയും സ്പീക്കര്‍ക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് അന്വേഷണം സിഐഡിയിലേയ്ക്ക് എത്തിയത്.
മേയ് 6ന് നടന്ന പാർട്ടി യോഗത്തിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് യാതൊരുവിധ പ്രമേയവും പാസാക്കിയിരുന്നില്ലെന്നും മേയ് 19നാണ് തങ്ങൾ യോഗത്തിന്റെ മിനിറ്റ്സ് ബുക്കിൽ ഒപ്പിട്ടതെന്നും ഇരുവരും മേയ് 27ന് സ്പീക്കറെ അറിയിക്കുകയായിരുന്നു. സ്പീക്കർക്ക് പാർട്ടി നൽകിയ മേയ് 6ലെ പ്രമേയം പൂർണ്ണമായും വ്യാജമായി നിർമ്മിച്ചതാണെന്നും എംഎൽഎമാർ ചൂണ്ടിക്കാണിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |