SignIn
Kerala Kaumudi Online
Tuesday, 30 June 2026 12.46 AM IST

സ്വഭാവം നോക്കി നിറം കൊടുക്കും, പരോളിലിറങ്ങിയാലും വിടില്ല,​ ലൈംഗിക കുറ്റവാളികളെ പൂട്ടാൻ പൊലീസിന്റെ ട്രാക്കിംഗ് സംവിധാനം

tamilnadu-police
തമിഴ്‌നാട് പൊലീസ്

ചെന്നൈ: ലൈംഗിക കുറ്റവാളികളെ കുറ്റകൃത്യത്തിന്റെ സ്വഭാവവും തീവ്രതയും തരംതിരിച്ച് നിരീക്ഷിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി തമിഴ്നാട് സൗത്ത് സോൺ പൊലീസ്. 'സ്‌പെക്ട്രം' എന്ന് പേരിട്ടിരിക്കുന്ന കളർ കോഡഡ് ട്രാക്കിംഗ് സംവിധാനം വഴി കുറ്റവാളികളെ കൃത്യമായി നിരീക്ഷിക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനുമാണ് പൊലീസിന്റെ നീക്കം. കുറ്റവാളികളുടെ പശ്ചാത്തലവും സ്വഭാവവും വ്യത്യസ്തമായതിനാൽ അവരെ കൈകാര്യം ചെയ്യാൻ വേറിട്ട സമീപനം ആവശ്യമാണെന്ന തിരിച്ചറിവിലാണ് പദ്ധതി വികസിപ്പിച്ചതെന്ന് സൗത്ത് സോൺ ഇൻസ്‌പെക്ടർ ജനറൽ വ്യക്തമാക്കി.


പത്ത് ജില്ലകൾ ഉൾപ്പെടുന്ന തമിഴ്‌നാട് സൗത്ത് സോണിൽ പ്രതിവർഷം രണ്ടായിരത്തിലധികം ലൈംഗിക അതിക്രമ കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 'സ്‌പെക്ട്രം' പദ്ധതി നിലവിൽ വരുന്നതോടെ കുറ്റവാളികളെക്കുറിച്ചുള്ള വിവരങ്ങൾ മാപ്പ് ചെയ്യാനും നിരീക്ഷിക്കാനും പൊലീസിന് എളുപ്പത്തിൽ സാധിക്കും.

എന്താണ് 'സ്‌പെക്ട്രം

Sexual Offender Profiling, Evaluation, Classification, Tracking, Risk Assessment and Unified Monitoring System എന്നതിന്റെ ചുരുക്കപ്പേരാണ് 'സ്‌പെക്ട്രം'. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് ചുവപ്പ്,​ ഓറഞ്ച്,​ കറുപ്പ്,​ സിൽവർ. പിങ്ക്,​ പച്ച എന്നിങ്ങനെ ആറ് നിറങ്ങളിലായാണ് കുറ്റവാളികളെ ഇതിൽ തരംതിരിച്ചിരിക്കുന്നത്. ക്രൂരരായ ലൈംഗിക കുറ്റവാളികൾ, കൂട്ടബലാത്സംഗക്കേസ് പ്രതികൾ, അക്രമകാരികൾ, പോക്‌സോ കേസുകളിൽ ആവർത്തിച്ച് പ്രതികളാകുന്നവർ എന്നിവരെയാണ് ചുവപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പരോൾ ലഭിക്കുമ്പോൾ പോലും പൊലീസ് അതീവ ജാഗ്രയോടെ നിരീക്ഷണം ഏർപ്പെടുത്തും.

ആവർത്തിച്ച് ലൈംഗിക അതിക്രമം നടത്തുന്നവർ, സ്ഥിരം ശല്യക്കാർ, പിന്തുടർന്ന് ശല്യം ചെയ്യുന്നവർ എന്നിവരെയാണ് ഓറഞ്ച് കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടിതമായി ലൈംഗിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് കറുപ്പ് നിറം. പ്രായപൂർത്തിയാകാത്ത ലൈംഗിക കുറ്റവാളികളെയാണ് സിൽവറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാരീരികമായി ഉപദ്രവിക്കാതെ മറ്റ് രീതികളിൽ ലൈംഗിക അതിക്രമം കാണിക്കുന്നവരെ പിങ്ക് കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇടത്തരം അപകടസാദ്ധ്യതയുള്ള ലൈംഗിക കുറ്റവാളികളാണ് പച്ച.


'സിൽവർ' കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രായപൂർത്തിയാകാത്ത കുറ്റവാളികളോട് പുനരധിവാസ സമീപനമായിരിക്കും പൊലീസ് സ്വീകരിക്കുക. മാതാപിതാക്കളുടെ പങ്കാളിത്തത്തോടെ ഇവർക്ക് പ്രത്യേക കൗൺസിലിംഗ് അടക്കമുള്ള സഹായങ്ങൾ നൽകും. കൃത്യമായ ഡാറ്റകളുടെ അടിസ്ഥാനത്തിൽ ലൈംഗിക അതിക്രമ കേസുകൾ കൈകാര്യം ചെയ്യാനും, കുറ്റവാളികളെ നിരീക്ഷിക്കാനും, ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങൾ തടയാനും പുതിയ മുന്നേറ്റത്തിലൂടെ സാധിക്കുമെന്നാണ് തമിഴ്നാട് പൊലീസ് പ്രതീക്ഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMILNADU POLICE, SPECTRUM, SEXUAL OFFENDER TRACKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360