
കൊൽക്കത്ത: ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ദ്രുവം കീഴടക്കിയത് രാജ്യത്തെ ഓരോ പൗരനിലും അഭിമാനം നിറഞ്ഞ നിമിഷമായിരുന്നു. ഇതിന് പിന്നാലെ ചന്ദ്രയാൻ 3യുടെ വിശേഷങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരുന്നത്. ഇതിനിടെ സോഷ്യൽ മീഡിയയിൽ തമാശ രൂപേണ പലരും പറഞ്ഞിരുന്നു ചന്ദ്രനിൽ ഒരേക്കർ സ്ഥലം വാങ്ങിയാലോ എന്നൊക്കെ. എന്നാൽ ഇപ്പോഴിതാ ബംഗാളിൽ നിന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ എല്ലാവരെയും ഒന്ന് അത്ഭുതപ്പെടുത്തും.
ബംഗാളിലെ ജാർഗാം പ്രദേശത്തെ സഞ്ജയ് മഹാത്തോ എന്ന യുവാവ് തന്റെ ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി നൽകിയ കാര്യമാണ് എല്ലാവരെയും ഞെട്ടിച്ചത്. ചന്ദ്രനിൽ ഒരേക്കർ ഭൂമി ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്തുകൊണ്ടാണ് അദ്ദേഹം എല്ലാവരെയും അമ്പരപ്പിച്ചത്. ചന്ദ്രനിൽ ഒരേക്കർ ഭൂമി സ്വന്തമാക്കാൻ അദ്ദേഹം ചെലവാക്കിയ തുകയും വെളിപ്പെടുത്തിയിട്ടുണ്ട്. പതിനായിരം രൂപയോളമാണ് അദ്ദേഹം ഇതിന് വേണ്ടി ചെലവാക്കിയതെന്ന് ഡിഎൻഎ റിപ്പോർട്ട് ചെയ്യുന്നു.
സഞ്ജയും ഭാര്യയും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. കഴിഞ്ഞ ഏപ്രിലിൽ വലിയ ആഘോഷത്തോടെയാണ് വിവാഹം നടന്നത്. പ്രണയിക്കുന്ന സമയത്ത് ഭാര്യയ്ക്ക് ചന്ദ്രനെ പിടിച്ചുകൊണ്ടു തരുമെന്ന് സഞ്ജയ് പറഞ്ഞിരുന്നു. എന്നാൽ അത് സാദ്ധ്യമല്ലാത്തത് കൊണ്ട് താൻ ചന്ദ്രനിൽ ഭൂമി വാങ്ങി നൽകുകയായിരുന്നെന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു.
ഒരു സുഹൃത്തിന്റെ സഹായത്തോടെ ലൂണ സൊസൈറ്റി ഇന്റർനാഷണൽ വഴിയാണ് അദ്ദേഹം ചന്ദ്രനിൽ സ്ഥലം വാങ്ങിയത്. 'ഞങ്ങളുടെ ഹൃദയത്തിൽ ചന്ദ്രന് പ്രത്യേക സ്ഥാനമുണ്ട്. എന്റെ ഭാര്യയുടെ പിറന്നാളിന് ഇതിലും വലിയൊരു സമ്മാനം എനിക്ക് നൽകാൻ കഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു പ്രവൃത്തി ചെയ്തത്'- സഞ്ജയ് പറഞ്ഞു.
അതേസമയം, സഞ്ജയ് മാത്രമല്ല അടുത്തിടെ ചന്ദ്രനിൽ സ്ഥലം വാങ്ങിയ വ്യക്തി. ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യക്കാരനായ വ്യവസായി രൂപേഷ് മാസൻ ചന്ദ്രനിൽ സ്ഥലം വാങ്ങിയിരുന്നു. ചന്ദ്രയാൻ സോഫ്റ്റ്‌ലാൻഡിംഗ് നടത്തിയതിന് ശേഷമാണ് അദ്ദേഹം സ്ഥലം വാങ്ങാൻ രംഗത്തെത്തിയത്.
നിങ്ങൾക്കും ചന്ദ്രനിൽ സ്ഥലം വാങ്ങാം, എങ്ങനെ?
ചന്ദ്രനിൽ സ്ഥലം വാങ്ങാൻ താൽപര്യമുള്ളവർക്ക് ഐഎൽഎൽആറിന്റെ വെബ്സൈറ്റ്( lunarregistry ) സന്ദർശിച്ചാൽ മതിയാകും. ബേ ഓഫ് റെയിൻബോസ്, സീ ഓഫ് ക്ളൗഡ്സ്, ഓഷൻ ഓഫ് സ്റ്റോംസ് എന്നിങ്ങനെ നിരവധിയായ പ്രദേശങ്ങളാണ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ നിന്ന് ഇഷ്ടപ്പെട്ട പ്രദേശം, എത്ര ഏക്കർ സ്ഥലമാണ് വാങ്ങുന്നത് എന്നീ കാര്യങ്ങൾ നൽകി തിരഞ്ഞെടുക്കാവുന്നതാണ്.
എന്താണ് ലൂണാർ രജിസ്ട്രി ?
1999ൽ അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ സ്ഥാപിതമായ ഇന്റർനാഷണൽ ലൂണാർ രജിസ്ട്രി (ഐഎൽഎൽആർ) ചന്ദ്രനിൽ സ്ഥലം വാങ്ങാനുള്ള ഉപാധിയാണ്. ഐഎൽഎൽആർ മുഖാന്തരം ഏക്കറിന് 2,405 രൂപ (29.7) ഡോളർ നിരക്കിലാണ് സ്ഥലം ലഭിക്കുന്നത്. ഷാരൂഖ് ഖാൻ, അന്തരിച്ച ഹിന്ദി സിനിമാ താരം സുശാന്ത് സിംഗ് രാജ്‌പുത്ത് അടക്കം ചന്ദ്രനിൽ സ്ഥലം വാങ്ങിയവരുടെ പട്ടികയിൽ ഇതിനോടകം തന്നെ ഇടം നേടിയിട്ടുണ്ട്. ഭാവിയിലെ നിക്ഷേപമായും കൗതുകം കൊണ്ടുമെല്ലാമാണ് പലരും ഇതിനായി തുനിഞ്ഞിറങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |