SignIn
Kerala Kaumudi Online
Friday, 11 September 2026 11.44 AM IST

വൈഭവിനെതിരെ പരാതിയുമായി തിലക് വർമ, അമ്പയർക്ക് കിടിലൻ മറുപടി കൊടുത്ത് 15കാരൻ; ഏറ്റെടുത്ത് ക്രിക്കറ്റ് ആരാധകർ

vaibhav-and-tilak-
അർഷ്ദീപ് സിംഗ്,​ വൈഭവ് സൂര്യവംശി,​ തിലക് വർമ

ചെന്നൈ: എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ദുലീപ് ട്രോഫി ഫൈനലിന്റെ നാലാദിനം സൗത്ത് സോണിന്റെ ക്യാപ്റ്റനായ തിലക് വർമയെ തമാശരൂപേണ പ്രകോപിപ്പിച്ച് ഈസ്റ്റ് സോൺ വൈസ് ക്യാപ്റ്റൻ വൈഭവ് സൂര്യവംശി. തിലക് ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു സംഭവം. മത്സരത്തിന്റെ ആദ്യ ദിനം വൈഭവിനെ തിലക് ഇതേ രീതിയിൽ പ്രകോപിപ്പിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം നാലാം ദിനം ബാറ്റിംഗിനിറങ്ങിയ തിലകിനോട് വൈഭവ് പരിഹാസരൂപത്തിൽ സംസാരിക്കുകയായിരുന്നു.

ഇതിനിടെ വൈഭവ് തിലകിന്റെ തോളിൽ തട്ടുകയും അത് തട്ടിമാറ്റിയ ശേഷം താരം അമ്പയറോട് പരാതിപ്പെടുകയും ചെയ്യുകയായിരുന്നു. തുടർന്ന് അമ്പയർ വൈഭവ് സൂര്യവംശിയുമായി ഇതിനെപ്പറ്റി സംസാരിച്ചപ്പോൾ 'സർ ആദ്യ ഇന്നിംഗ്സിൽ എനിക്കും ഇത് തന്നെയാണ് സംഭവിച്ചത്' എന്നായിരുന്നു താരത്തിന്റെ മറുപടി. അന്ന് തിലക് വർമയുടെ പരിഹാസരൂപേണയുള്ള സംസാരത്തിന് താനും ഇരയായെന്ന് വൈഭവ് അമ്പയറെ ഓർമിപ്പിക്കുകയായിരുന്നു. തമാശരൂപേണയാണ് താരം അമ്പയറിന് മറുപടി നൽകിയത്. പതിനഞ്ചുകാരനായ വൈഭവിന്റെ ആത്മവിശ്വാസവും തമാശ കലർന്നതുമായ മറുപടി ഇതിനകം ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ആദ്യ ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ സൗത്ത് സോണിനെ പരാജയപ്പെടുത്തി വൈഭവിന്റെ ടീമായ ഈസ്റ്റ് സോൺ 13 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കുകയായിരുന്നു. ഈസ്റ്റ് സോണിന് മുന്നിൽ തന്റെ ടീം പൂർണമായും പതറിപ്പോയി എന്നാണ് തിലക് വർമ മത്സരശേഷം പ്രതികരിച്ചത്. തുടർച്ചയായി രണ്ടാം തവണ ദുലീപ് ട്രോഫി നേടാനുള്ള സൗത്ത് സോണിന്റെ ശ്രമമാണ് ഇതോടെ പാളിപ്പോയത്.

'സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾക്ക് നിരാശയുണ്ട്. എന്നാൽ ഈ മത്സരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. അതിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് കൂടുതൽ കരുത്തോടെ തിരിച്ചുവരാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ആദ്യ ദിനം തന്നെ ഞങ്ങൾക്ക് കൂടുതൽ മികച്ച രീതിയിൽ കളിക്കാമായിരുന്നു. എന്നാൽ അവർ 700 റൺസ് നേടിയതോടെ മത്സരം ഏതാണ്ട് അവരുടെ നിയന്ത്രണത്തിലായി. 700 റൺസ് പിന്തുടരുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് എല്ലാവർക്കും അറിയാം. അവരുടെ ബാറ്റർമാർ മികച്ച രീതിയിൽ ബാറ്റ് ചെയ്തതിന് അവർ അർഹിക്കുന്ന ക്രെഡിറ്റ് നൽകണം. എങ്കിലും മത്സരത്തിൽ ഞങ്ങൾക്ക് മുന്നോട്ട് വരാൻ കഴിയുമായിരുന്ന ചില ഘട്ടങ്ങളുണ്ടായിരുന്നു. പക്ഷേ, ഞങ്ങളുടെ ബൗളിംഗ് അത്ര മികച്ചതായിരുന്നില്ല'- സമ്മാനദാന ചടങ്ങിനിടെ തിലക് വർമ പറഞ്ഞു.

English Summary

East Zone secured the Duleep Trophy after a 13-year wait, defeating South Zone in the final based on a first-innings lead. The match saw a light-hearted exchange between East Zone vice-captain Vaibhav Suryavanshi and South Zone captain Tilak Varma, where Suryavanshi humorously provoked Varma in a reciprocal gesture, drawing umpire intervention. South Zone captain Varma expressed disappointment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VAIBHAV SOORYAVANSHI, TILAK VARMA, DULEEP TROPHY, VAIBHAV VIRAL REPLY, TILAK VARMA COMPLAINT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360