
റിയോ ഡി ജനീറോ: ഇന്ത്യ, ഓസ്‌ട്രേലിയ ടീമുകൾക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള 26 അംഗ ബ്രസീൽടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബർ 3ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയും ബ്രസീലും ചരിത്രത്തിലാദ്യമായി ഏറ്റുമുട്ടുന്ന മത്സരത്തിനുള്ള ടീമാണിത്. വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, എൻഡ്രിക്, മാർക്വിനോസ്,ബ്രൂണോ ഗിമാറസ്, ആന്ദ്രേ സാന്റോസ് തുടങ്ങിയ താരങ്ങളെല്ലാം ടീമിലുണ്ട്. സീനിയർ താരങ്ങളായ അലിസൺ ബെക്കർ, കസെമിറൊ എന്നിവർ ടീമിലില്ല.
ടീം-ഗോൾകീപ്പർമാർ: ഹ്യൂഗോ സൗസ, പെഡ്രോ മൊറോസ്‌കോ, ഒറ്റാവിയോ.
പ്രതിരോധനിര : മാർക്വിന്യോസ്, ഗബ്രിയേൽ മഗൽഹെസ്, വെസ്‌ലി, വിറ്റോർ റെയ്‌സ്, ആർതർ ഡയസ്, ഡഗ്ലസ് സാന്റോസ്, ജെയ്ർ, മാത്യു ഷിൻഹോ, മൗറോ ജൂനിയർ.
മധ്യനിര : ബ്രൂണോ ഗ്വിമാറസ്, ആന്ദ്രെ സാന്റോസ്, ഡാനിലോ സാന്റോസ്, ഡഗ്ലസ് ലൂയിസ്, ബ്രെനോ ബിഡോൺ, ഗബ്രിയേൽ ബോൺടെംപോ.
മുന്നേറ്റനിര: വിനീഷ്യസ് ജൂനിയർ, റഫീഞ്ഞ, എൻഡ്രിക്, എസ്റ്റാവോ, ജാവോ പെഡ്രോ, റയാൻ, സാമുവൽ ലിനോ, പെഡ്രോ.
ഈസ്റ്ര് ഈസ് ദ ബെസ്റ്റ്
ഈസ്റ്ര് സോൺ ദുലീപ് ട്രോഫി ചാമ്പ്യന്മാർ
ചെന്നൈ: പ്രതീക്ഷിച്ചപോലെ തന്നെ ദുലീപ് ട്രോഫിയിൽ മുത്തമിട്ട് ഈസ്റ്ര് സോൺ. സൗത്ത് സോണിനെതിരായ മത്സരം സമനിലയിൽ ആയതോടെ ഒന്നാം ഇന്നിംഗ്‌സിലെ 372 റൺസിന്റെ കൂറ്റൻ ലീഡിന്റെ പിൻബലത്തിലാണ് ഈസ്റ്ര് സോൺ 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുലീപ് ട്രോഫി ചാമ്പ്യന്മാരായത്.
സ്കോർ: ഈസ്റ്ര് സോൺ : 708/10, 388/7 ഡിക്ലയേർഡ്. സൗത്ത് സോൺ 336/10.
അവസാന ദിനമായ ഇന്നലെ 212/5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഈസ്റ്ര് സോൺ 7 വിക്കറ്റ് നഷ്ടത്തിൽ 388 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തതിന് പിന്നാലെ സമ നിലയ്ക്ക് ഇരു ക്യാപ്ടൻമാരും കൈ കൊടുക്കുകയായിരുന്നു. 760 റൺസിന്റെ വിജയലക്ഷ്യമായിരുന്നു ഈസ്റ്റ് സോൺ ഉയർത്തിയത്. കൗനിയൻ ഖുറേഷിയുടെ സെഞ്ച്വറിയായിരുന്നു ഇന്നലത്തെ ഹൈലൈറ്ര്. 190 പന്ത് നേരിട്ട ഖുറേഷി 13 ഫോറും 4 സിക്സും അടക്കം 116 റൺസുമായി പുറത്താകാതെ നിന്നു. ഈസ്റ്ര് സോൺ നായകൻ ഇഷാൻ കിഷനാണ് ഫൈനലിലെതാരം, സൗത്ത് സോൺ നായകൻ തിലക് വർമ്മയാണ് ടൂർമമെന്റിലെ താരം.
13 വർഷങ്ങൾക്ക് ശേഷമാണ് ഈസ്റ്റ് സോൺ ദുലീപ് ട്രോഫിയിൽ ചാമ്പ്യന്മാരാകുന്നത്. ഇതിന് മുൻപ് അവസാനം കിരീടം നേടിയത് 2013ൽ.
3- ഈസ്റ്റ് സോൺ ഇത് മൂന്നാം തവണയാണ് ദുലീപ് ട്രോഫി സ്വന്തമാക്കുന്നത്.
1096 - റൺസാണ് രണ്ടിന്നിംഗ്സുകളിലുമായി ഈസ്റ്ര് സോൺ നേടിയത്. ദുലീപ് ട്രോഫി ഫൈനലിൽ ഒരു ടീം രണ്ട് ഇന്നിംഗ്സുകളിലുമായി നേടിയ ഏറ്റവും ഉയർന്ന ടോട്ടലാണിത്.
ഇന്ത്യ ഫൈനലിൽ
ദുബായ്: ബംഗ്ലാദേശിനെ 40 റൺസിന് തകർത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ട്വന്റി-20 ടൂർണമെന്റിന്റെ ഫൈനലിലെത്തി. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടിക്കിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 109 റൺസേ നേടാനായുള്ളൂ. ഇന്ത്യയ്ക്കായി ദീപ്തി ശർമ്മ മൂന്നും നന്ദിനി ശർമ്മ രണ്ടും വിക്കറ്റുകൾ നേടി. ശ്രീചരിണി, പ്രേമ റാവത്ത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. 18 പന്തിൽ 22 റൺസ് നേടിയ ഷോർന അക്തറാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ.
നേരത്തേ ഓപ്പണർ ഷഫാലി വർമ്മയുടെ അർദ്ധ സെഞ്ച്വറിയാണ് (40 പന്തിൽ 64) ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ഷഫാലി തന്നെയാണ് കളിയിലെ താരം.
1- അന്താരാഷ്ട്ര ട്വന്റി-20യിൽ ഏറ്റവും വേഗത്തിൽ (മത്സര കണക്കിൽ) 50 വിക്കറ്റുകൾ തികയ്‌ക്കുന്ന ഇന്ത്യൻ താരമായി ശ്രീചരിണി. 29 മത്സരങ്ങളിൽ നിന്നാണ് ചരിണി 50 വിക്കറ്റ് തികച്ചത്. ആകെ കണക്കിൽ ന്യൂസിലാൻഡിന്റെ ലെയ് കാസ്‌പെറക്കിനും വിൻഡീസിന്റെ അനിസ മുഹമ്മദിനുമൊപ്പം രണ്ടാം സ്ഥാനത്താണ് ചരിണി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |