ചെന്നൈ: 13 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈസ്റ്റ് സോൺ ദുലീപ് ട്രോഫി കിരീടം സ്വന്തമാക്കി. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ സൗത്ത് സോണിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ ഇന്നിംഗ്സിലെ വൻ ലീഡിന്റെ അടിസ്ഥാനത്തിലാണ് ഈസ്റ്റ് സോൺ ജേതാക്കളായത്.
ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഈസ്റ്റ് സോൺ 708 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തി. ക്യാപ്റ്റൻ ഇഷാൻ കിഷന്റെ തകർപ്പൻ ഇരട്ട സെഞ്ച്വറിയാണ് ഇന്നിംഗ്സിന്റെ പ്രധാന ആകർഷണം. ഇഷാൻ 270 റൺസാണ് ആദ്യ ഇന്നിംഗ്സിൽ സ്വന്തമാക്കിയത്. ദുലീപ് ട്രോഫി ഫൈനലിലെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിഗത പ്രകടനങ്ങളിലൊന്നായി ഇത് മാറി. മറുപടി ഇന്നിംഗ്സിൽ സൗത്ത് സോണിന് ഈസ്റ്റ് സോണിന്റെ സ്കോറിനൊപ്പമെത്താനായില്ല.
ഈസ്റ്റ് സോണിന്റെ ബൗളർമാർ മികച്ച നിയന്ത്രണത്തോടെ പന്തെറിഞ്ഞതോടെ സൗത്ത് സോൺ വലിയ സമ്മർദത്തിലായി. മുഹമ്മദ് ഷമിയും മുകേഷ് കുമാറും നിർണായക സ്പെല്ലുകളിലൂടെ ടീമിന്റെ മേൽക്കൈ ഉറപ്പിച്ചു. രണ്ടാം ഇന്നിംഗ്സിലും മികച്ച ബാറ്റിംഗാണ് കാഴ്ചവച്ചത്. ഇഷാൻ കിഷൻ 80 റൺസ് നേടി മികവ് തെളിയിച്ചു. ഇതോടെ ഫൈനലിൽ ഈസ്റ്റ് സോണിന്റെ ലീഡ് 584 റൺസായി ഉയർന്നു. കിരീടം ഉറപ്പിക്കാൻ ടീമിന് അനുകൂലമായ സാഹചര്യം ഇതോടെ ഒരുങ്ങുകയായിരുന്നു.
അവസാന ദിവസം മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ ഇന്നിംഗ്സിലെ ലീഡ് നിർണായകമായി. ഇതോടെയാണ് ഈസ്റ്റ് സോൺ 13 വർഷത്തിന് ശേഷം വീണ്ടും ദുലീപ് ട്രോഫി ചാമ്പ്യന്മാരായത്. 2012-13 സീസണിന് ശേഷം ആദ്യമായാണ് ഈസ്റ്റ് സോൺ ദുലീപ് ട്രോഫി കിരീടം നേടുന്നത്. ക്യാപ്റ്റൻ ഇഷാൻ കിഷന്റെ ബാറ്റിംഗ് മികവിനൊപ്പം പരിചയസമ്പന്നനായ മുഹമ്മദ് ഷമിയുടെയും മുകേഷ് കുമാറിന്റെയും ബൗളിംഗ് പ്രകടനവും ടീമിന്റെ കിരീടനേട്ടത്തിൽ നിർണായകമായി.
ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിയെ ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് ഏറെ ചർച്ചയായിരുന്നു. ഫീൽഡിംഗിനിടെ ക്യാപ്റ്റനായ ഇഷാൻ കിഷന് കൈക്ക് പരിക്കേറ്റ് വിശ്രമത്തിനായി മടങ്ങേണ്ടിവന്ന സാഹചര്യത്തിൽ വൈഭവ് മത്സരം നിയന്ത്രിച്ചതും അപ്പീൽ നൽകി ഒരു വിക്കറ്റ് നേടിയെടുത്തതും സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. വൈസ് ക്യാപ്റ്റൻ എന്ന നിലയിൽ പൂർണമായും താൻ യോഗ്യനാണെന്ന് വൈഭവ് തെളിയിക്കുകയായിരുന്നു.
East Zone lifted the Duleep Trophy after a 13-year wait, triumphing over South Zone in the final held at Chennai's M.A. Chidambaram Stadium. Despite the match ending in a draw, East Zone secured the title based on their commanding first-innings lead. Captain Ishan Kishan's double century was a highlight, complemented by strong bowling performances.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |