SignIn
Kerala Kaumudi Online
Thursday, 10 September 2026 4.41 PM IST

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; വാസ്തവമറിഞ്ഞപ്പോൾ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി

pakistan-cricket-team-
പാകിസ്ഥാൻ ക്രിക്കറ്റ് ടീം

ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിലുള്ള പാകിസ്ഥാൻ അണ്ടർ19 ക്രിക്കറ്റ് ടീമിനെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധം. ദക്ഷിണ ഇംഗ്ലണ്ടിലെ പോർട്സ്മൗത്തിൽ ടീം താമസിച്ചിരുന്ന മാരിയറ്റ് ഹോട്ടലിന് മുന്നിൽ ഇന്നലെ വൈകിട്ടാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഓൺലൈനിൽ പ്രചരിച്ച തെറ്റായ വിവരങ്ങളാണ് സംഭവത്തിന് പിന്നിൽ.

ഹോട്ടലിലേക്ക് വിദേശ യുവാക്കൾ ബസിലെത്തിയെന്ന തരത്തിലുള്ള വിവരങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നാല്പതോളം ആളുകൾ ഹോട്ടലിന് പുറത്ത് തടിച്ചുകൂടിയത്. ക്രിക്കറ്റ് ടീമംഗങ്ങൾ അഭയാർത്ഥികളാണെന്ന് പ്രതിഷേധക്കാർ തെറ്റിദ്ധരിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തുകയും ഹോട്ടലിൽ താമസിക്കുന്നത് പാകിസ്ഥാന്റെ അണ്ടർ19 ക്രിക്കറ്റ് ടീമാണെന്ന് വ്യക്തമാക്കുകയുമായിരുന്നു. തുടർന്ന് റിഫോം യുകെ കൗൺസിലർ ജോർജ് മാഡ്ഗ്വിക്ക് ഹോട്ടൽ അധികൃതരുമായും ടീമിന്റെ പരിശീലകനുമായും സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.

ക്രിക്കറ്റ് ടീമാണെന്ന് മനസിലാക്കിയതോടെ പ്രതിഷേധക്കാർ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ സ്ഥലത്തുനിന്ന് പിരിഞ്ഞുപോയി. സംഭവത്തിൽ കുറ്റകൃത്യങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഹാംഷയർ പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ബന്ധപ്പെടുകയും താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് അന്വേഷിക്കുകയും ചെയ്തു. പര്യടനത്തിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കുമെന്നും ബോർഡ് അറിയിച്ചു.

ബ്രിട്ടനിൽ കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധമുണ്ടായത്. സമീപ ദിവസങ്ങളിൽ പോർട്സ്മൗത്തിൽ അഭയാർത്ഥികളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളും പൊലീസുമായുള്ള സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈനിൽ പ്രചരിച്ച സ്ഥിരീകരിക്കാത്ത വിവരങ്ങളെ തുടർന്ന് ക്രിക്കറ്റ് താരങ്ങൾക്കെതിരെ പ്രതിഷേധമുണ്ടായത്.

English Summary

Pakistan's Under-19 cricket team faced protests in Portsmouth, England, after being mistaken for refugees due to online misinformation. Around 40 individuals gathered outside their hotel until police clarified their identity. The England and Wales Cricket Board has since assured the Pakistan Cricket Board of revised security for the remaining tour amidst rising anti-immigrant sentiment in Britain.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN CRICKET TEAM, PAKISTAN UNDER 19, REFUGEE PROTEST, PORTSMOUTH PROTEST, ENGLAND TOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360