
തിരുവനന്തപുരം : പാലക്കാട്ട് നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് റോളർ സ്കേറ്റിംഗിൽ സഹോദരിമാരായ കോട്ടൺഹിൽ സ്കൂളിലെ മിഥു.ടി. അരുണും മിന്നു.ടി. അരുണും ഇവരുടെ കസിനായ സെന്റ്മേരീസ് സ്കൂൾ വിദ്യാർത്ഥിനി നേഹ.ഡി. അനീഷും ചേർന്ന് നേടിയത് ഏഴു മെഡലുകൾ. വഴുതക്കാട് പാലോട്ടുകോണം സ്വദേശികളായ ഇരുവരുടെയും അയൽക്കാരി കോട്ടൺഹിൽ സ്കൂളിലെ ശ്രേയ.എസിന്റെ രണ്ട് മെഡലുകളും കൂടിയായപ്പോൾ നാടിനും ആഘോഷം.
പ്ളസ് ടുക്കാരിയായ മിഥു രണ്ട് വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയപ്പോൾ ഏഴാം ക്ളാസുകാരിയായ മിന്നു രണ്ട് വെള്ളിമെഡൽ നേടി. പ്ളസ് ടുക്കാരി നേഹ ഓരോ സ്വർണവും വെള്ളിയുമാണ് നേടിയത്. ശ്രേയ ഒരു സ്വർണവും ഒരു വെള്ളിമെഡലും നേടി.പാപ്പനംകോട് ശ്രീചിത്ര തിരുനാൾ കോളേജ് അധ്യാപകനായ ഡോ. അരുൺ മോഹന്റെയും കെ.എൽ.ഡി.സി അസിസ്റ്റന്റ് എൻജിനീയർ ടിസ്നിയുടേയും മക്കളാണ് മിഥുവും മിന്നുവും. അരുണിന്റെ സഹോദരൻ ചവറ കെ.എം.എം.എൽ ഫിനാൻസ് വിഭാഗം മേധാവി അനീഷ് മോഹന്റെയും ദിവ്യ.ബി.ജോണിന്റെയും മകളാണ് നേഹ. ഒരുവീട്ടിലാണ് ഇവരുടെ താമസം. അയൽവാസി സജുമോൻ.എസിന്റെയും സ്മിതയുടെയും മകളാണ് ശ്രേയ.
പൂജപ്പുരയിലെ കേരള റോളർ സ്കേറ്റിംഗ് അക്കാദമിയിലെ ജെ .സന്തോഷ് കുമാറിന്റെ കീഴിൽ ഒന്നിച്ചാണ് നാലുപേരും പരിശീലിക്കുന്നത്. മിഥുവും നേഹയും മൂന്നാം വയസ് മുതലും, മിന്നു രണ്ടര വയസ് മുതലുമാണ് സ്കേറ്റിംഗ് പരിശീലനം ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |