SignIn
Kerala Kaumudi Online
Sunday, 31 May 2026 11.09 AM IST

മീറ്റ് ദ റെക്കാഡ്സ്

athletics

ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിന്റെ സമാപനദിവസം രണ്ട് ദേശീയ റെക്കാഡുകൾ, ഒരു മീറ്റ് റെക്കാഡ്

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സിന്റെ കൊടിയിറക്കംറെക്കാഡുകളുടെ തിളക്കത്തോടെ. ഇന്നലെ രണ്ട് ദേശീയ റെക്കാഡുകളും ഒരു മീറ്റ് റെക്കാഡുമാണ് പിറന്നത്. പുരുഷ 200 മീറ്ററിൽ ഒഡീഷയുടെ അനിമേഷ് കുജൂർ പുതിയ സമയം (20.40 സെക്കൻഡ്) കുറിച്ചപ്പോൾ, ട്രിപ്പിൾ ജമ്പിൽ തമിഴ്‌നാടിന്റെ പ്രവീൺചിത്രവേൽ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് (17.37 മീറ്റർ) നേട്ടത്തിനൊപ്പമെത്തി. പ്രവീൺ ചിത്രവേൽ ലോക ചാമ്പ്യൻഷിപ്പിനും, അനിമേഷ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനും യോഗ്യത നേടി. 2022ൽ കോഴിക്കോട് നടന്ന മീറ്റിൽ അംലൻ ബോർഗോഹെയിൻ സ്ഥാപിച്ച ദേശീയ റെക്കോഡും, മീറ്റ് റെക്കോഡുമാണ് (20.52) അനിമേഷ് തകർത്തത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത മാർക്കും ഈ നേട്ടത്തോടെ അനിമേഷ് മറികടന്നു. നിലവിലെ റെക്കോഡ് ജേതാവായ അംലൻ 20.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത് വെള്ളി നേടി. ദേശീയ ഗെയിംസിലും അനിമേഷിനായിരുന്നു സ്വർണം.

മലയാളികൾക്ക് പൊന്നില്ല

മലയാളി താരങ്ങളെ നിരാശപ്പെടുത്തിയാണ് ഫെഡറേഷൻ കപ്പിന് കൊടിയിറങ്ങിയത്. ഇന്നലെയും കേരളത്തിന് സ്വർണം നേടാനായില്ല. അവസാന ദിനം മൂന്ന് മലയാളി താരങ്ങൾ കൂടി മെഡൽ നേടിയത് മാത്രം ആശ്വാസമായി. ട്രിപ്പിൾ ജമ്പിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ (എയർഫോഴ്‌സ്) വെള്ളിയും (16.99), മലപ്പുറം കുറ്റിപ്പുറം സ്വദേശി മുഹമ്മദ് മുഹ്‌സിൻ (ജെ.എസ്.ഡബ്ല്യു) വെങ്കലവും (16.28) നേടി. വനിതാലോംഗ്ജമ്പിൽ പരിക്ക് മാറി തിരിച്ചെത്തിയ ആൻസി സോജൻ 6.46 മീറ്റർ ചാടി വെള്ളിയും ഏഷ്യൻ മീറ്റ് ടിക്കറ്റും നേടി. ട്രിപ്പിളിൽ അബ്ദുല്ല അബൂബക്കറും ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതമാർക്ക് (16.59) മറികടന്നു. കേരളമുൾപ്പെടെ വിവിധ ടീമുകളെ പ്രതിനിധീകരിച്ച മലയാളി താരങ്ങൾ ഏഴ് വെങ്കലവും നാല് വെള്ളിയും നേടി.

മേയ് 27 മുതൽ 31 വരെ ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തെ ഇന്ന് പ്രഖ്യാപിക്കും. യോഗത്തിനായി എ.എഫ്.ഐ സെലക്ഷൻ പാനലിലെ മുഴുവൻ അംഗങ്ങളും ഇന്നലെ കൊച്ചിയിലെത്തി. യോഗത്തിന് ശേഷം ടീം പ്രഖ്യാപനമുണ്ടാവുമെന്ന് എ.എഫ്.ഐ പ്രസിഡന്റ് ബഹാദൂർ സിങ് സാഗൂ പറഞ്ഞു. ഫെഡറേഷൻ കപ്പായിരുന്നു ഇന്ത്യൻ അത്‌ലറ്റുകൾക്ക് ഏഷ്യൻ മീറ്റ് യോഗ്യത നേടാനുള്ള അവസാന അവസരം. ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ടീം പ്രഖ്യാപിക്കുക. നിരവധി അത്‌ലീറ്റുകൾ ഈ ചാമ്പ്യൻഷിപ്പിലും നേരത്തേയുമായി ഇതിനകം എ.എഫ്.ഐ നിശ്ചയിച്ച യോഗ്യത മാർക്ക് മറികടന്നിരുന്നു. രണ്ടിലേറെ പേർ യോഗ്യത നേടിയ ഇനങ്ങളിൽ സെലക്ഷൻ കമ്മിറ്റിയായിരിക്കും ആരൊയൊക്കെ പങ്കെടുപ്പിക്കണമെന്ന് തീരുമാനിക്കുക. സീസണിൽ സ്ഥിരതയുള്ള പ്രകടനം നടത്തുന്ന അത്‌ലീറ്റുകൾക്ക് ടീമിലിടമുണ്ടാവുമെന്നാണ് എ.എഫ്.ഐ പ്രസിഡന്റ് നൽകുന്ന സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, ATHLETICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360