
രാജ്യത്തിനായി നേടാവുന്ന എല്ലാ മേജർ കിരീടങ്ങളും നേടി പൂർണതയിലാണ് അർജന്റീന ജേഴ്സിയിൽ മെസിയുടെ പൂർണവിരാമം. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അന്താരാഷ്ട്ര കരിയറിനെ ഒരു ഫുട്ബാൾ മത്സരം എന്ന പോലെ രണ്ട് ഹാഫുകളായി വിശേഷിപ്പിക്കാം. 2005ൽ ഹംഗറിക്കെതിരായ അന്താരാഷ്ട്ര സൗഹൃദമത്സരത്തിലാണ് മെസി ആദ്യമായി അർജന്റീനയുടെ സീനിയർ കുപ്പായമണിഞ്ഞത്. സാക്ഷാൽ മറഡോണയുടെ പിൻഗാമി എന്ന വിശേഷണവും മെസിക്ക് മേൽ ചാർത്തപ്പെട്ടു. 2006ലെ ലോകകപ്പിലും മറഡോണയുടെ ശിക്ഷണത്തിൽ 2010ലെ ലോകകപ്പിലും മെസി അർജന്റീന ടീമിലുണ്ടായിരുന്നെങ്കിലും കിരീടത്തിനടുത്ത് പോലും എത്താനായില്ല. 2008ൽ ബീജിംഗ് ഒളിമ്പിക്സിലെ സ്വർണമാണ് ഈ കാലഘട്ടത്തിൽ രാജ്യത്തിനായുള്ള മെസിയുടെ പ്രധാന നേട്ടം. സ്പെയിനിൽ ബാഴ്സലോണ ക്ലബിൽ കളിക്കുന്ന മെസിയും അർജന്റീന ടീമിലെ മെസിയും രണ്ടും രണ്ടാണെന്ന് വിമർശകർ കളിയാക്കിയ കാലമായിരുന്നു അത്. എന്നാൽ 2014 ബ്രസീൽ ലോകകപ്പിൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചത് മെസി ഏറെക്കുറ ഒറ്റയ്ക്ക് തന്നെയാണ്. ജർമ്മനിയോട് ഫൈനലിൽ അർജന്റീന തോറ്റെങ്കിലും ആ ലോകകപ്പിലെ താരം മെസി ആയിരുന്നു. 2015ലും 16ലും കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് തോറ്റതോടെ നിരാശയുടെ പടുകുഴിയിലായി മെസി.
2016ൽ കോപ്പ അമേരിക്ക ഫൈനലിലെ തോൽവിയോടെ ലോകത്തെ ഞെട്ടിച്ച് അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് താരം വിരമിക്കൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര കരിയറിലെ ആദ്യ ഹാഫ് അവിടെ അവസാനിച്ചു.
എന്നാൽ അധികം വൈകാതെ ആരാധകരുടേയും മുൻതാരങ്ങളുടേയും അപേക്ഷ മാനിച്ച് മെസി വിരമിക്കൽ തീരുമാനം പിൻവലിച്ചു. അന്താരാഷ്ട്ര കരിയറിലെ സെക്കൻഡ് ഹാഫ് അവിടെ തുടങ്ങി.
2018ലെ ലോകകപ്പിൽ പ്രീക്വാർട്ടറിൽ തോറ്റെങ്കിലും പിന്നീട് അർജന്റീനയുടെ പ്രധന പരിശീലകനായി മുൻ സഹതാരം ലയണൽ സ്കലോണിയും സഹപരിശീലകനായി തന്റെ ഐഡൽ പാബ്ലോ ഐമറും എത്തിയതോടെ മെസിയുടെ അർജന്റീന ജേഴ്സിയിലെ കിരീടവരൾച്ചയ്ക്ക് അവസാനമായി. മെസിക്കൊപ്പം എന്തിനും പോന്നൊരു ടീമിനെ പരിശീലക സംഘം വാർത്തെടുത്തതോടെ 2021ലേയും 24ലേയും കോപ്പ അമേരിക്ക കിരീടത്തിലും 2022ലെ ലോകകപ്പിലും മെസി അർജന്റീനയുടെ കുപ്പായമണിഞ്ഞ് മുത്തമിട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |