
അനാവശ്യ പ്രതിസന്ധികളുടെ ഹഡിലുകൾ മറികടന്ന് സംസ്ഥാന സ്കൂൾ കായിക മേളയുടെ 68-ാം പതിപ്പിന് കോഴിക്കോട് ശുഭ പര്യവസാനം. വാശിയോടെ പൊരുതിയ കുട്ടിത്താരങ്ങൾ അടുത്ത വർഷം കൊല്ലത്ത് കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെ കൈകൊടുത്ത് പിരിഞ്ഞു. ഓവറോൾ പോരാട്ടത്തിൽ തിരുവനന്തപുരത്തിന്റെയും അത്‌ലറ്റിക്സിൽ മലപ്പുറത്തിന്റെയും അപ്രമാദിത്യം ചോദ്യം ചെയ്യാൻ സമീപ വർഷങ്ങളിലെപ്പോലെ ഇത്തവണയും എതിരാളികൾക്കായില്ല. ഇരുജില്ലകളുടെയും ഹാട്രിക്ക് കിരീട നേട്ടമാണ് ഇത്തവണത്തേത്.
പതിനായിരത്തോളം കായിക താരങ്ങൾ മത്സരിക്കാനിറങ്ങിയ കായിക മേളയുടെ സംഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ തന്നെ നടന്നു. പുഴു വിവാദത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനെതിരെ ശക്തമായ നടപടിയെടുത്തതും പ്രായത്തട്ടിപ്പ് വിവാദത്തിൽ ചരിത്രത്തിൽ ആദ്യമായി എല്ലുപരിശോധന നടത്തി കൃത്യമായ തീർപ്പുണ്ടാക്കിയതും ആരോപണ വിധേയനായ താരത്തെ അയോഗ്യനാക്കിയതും എടുത്തു പറയേണ്ടതാണ്.
അനന്തപുരിയുടെ അപ്രമാദിത്യം
ഓവറോൾ പോരാട്ടത്തിൽ എതിരാളികളില്ലാതെ കുതിക്കുന്ന തിരുവനന്തപുരത്തിന് ഇത്തവണയും മറ്രൊരു ജില്ലയും ചെറിയ വെല്ലുവിളി പോലുമായില്ല. ഗെയിംസിലെയും അക്വാട്ടിക്സിലെയും തിരുവനന്തപുരത്തിന്റെ തകർപ്പൻ പോരാട്ടവും അത്‌ലറ്റിക്സിലെ മിന്നും പ്രകടനവുമാണ് ഇത്തവണയും ഓവറോൾ കിരീടത്തിനായുള്ള മത്സരം ഏകപക്ഷീയമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള തൃശൂരുമായി 1047 പോയിന്റുകളുടെ വമ്പൻ ലീഡാണ് തിരുവനന്തപുരത്തിനുണ്ടായിരുന്നത്,
ജി.വി രാജാവ്
അത്‌ലറ്റിക്‌സിൽ തിരുവനന്തപുരം ജി.വി രാജ സ്‌പോർട്സ് സ്കൂൾ മൈലത്തിന്റെ പ്രകടനമാണ് ഇത്തവണത്തെ ഹൈലൈറ്റ്. 10 സ്വർണവും 8 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ ആകെ 85.3 പോയിന്റ് നേടിയാണ് ഇത്തവണ ജി.വി രാജ സ്കൂൾ സ്‌പോർട്‌സ് ഹോസ്റ്റൽ വിഭാഗത്തിൽ ചാമ്പ്യൻപട്ടം നേടിയത്.
ജനറൽ സ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരായ മലപ്പുറം ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിയേക്കാൾ 10 പോയിന്റ് അധികം നേടിയാണ് ജി.വി. രാജയുടെ ചരിത്ര ഫിനിഷ്. അത്‌ലറ്റിക്സിൽ നാലാം സ്ഥാനം നേടിയ തിരുവനന്തപുരം ആകെ നേടിയ 96.3 പോയിന്റിൽ 85.3 പോയിന്റും ജി.വി രാജയുടെ സംഭാവനയയിരുന്നു. സംസ്ഥാന സർക്കാരിനെക്കൂടാതെ സ്പോർട്സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ (സായ്) കൂടി സഹായത്തിൽ മുന്നോട്ടു പോകുന്ന ജി.വി രാജയുടെ കുതിപ്പ് പ്രതീക്ഷ നൽകുന്നു. കേരളത്തിൽ എല്ലായിടത്തുമുള്ള താരങ്ങളുണ്ട് ജി.വി രാജയിൽ. അതേസമയം ജി.വി രാജയെ ഒഴിച്ചു നിറുത്തിയാൽ മറ്റ് സ്പോർട്സ് ഹോസ്റ്റലുകൾ കിതയ്ക്കുന്ന കാഴ്‌ച നിരാശപ്പെടുത്തുന്നു,
ആലപ്പുഴ അദ്ഭുതം
അത്‌ലറ്റിക്സിൽ ഇത്തവണത്തെ കറുത്തകുതിരകളായി മാറിയ ആലപ്പുഴ മൂന്നാം സ്ഥാനത്തെത്തിയത് വിസ്മയമായി. ആലപ്പുഴ ജി.വി.എച്ച്.എസ്.എസിന്റെയും ഗവ.ഡി.വി.എച്ച്.എസ്.എസ് ചാരമംഗലവുമായിരുന്നു ആലപ്പുഴയുടെ കുതിപ്പിൽ ചാലക ശക്തിയായത്. അതേസമയം പാലക്കാട് പറളി സ്കൂളും കോതമംഗലം മാർബേസിലും എറെ പിന്നാക്കം പോയി.
പ്രതീക്ഷകൾ നിരവധി
അത്‌ലറ്റിക്സിൽ ഇരട്ട റെക്കാഡ് കുറിച്ച ജി.വി രാജയുടെ ശ്രീഹരി കരിക്കൻ, സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ സ്വർണം നേടിയ ചാരമംഗലം ഡി.വി.എച്ച്.എസ്.എസിലെ അനാമിക അജേഷ്, ട്രിപ്പിൾ സ്വർണം നേടിയ വി.എം.എച്ച്.എസ്.എസ് വടവന്നൂരിലെ നിവേദ്യ ( സീനിയർ400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ സ്വർണം), അൽക്ക ഷിനോജ് (സെന്റ് ജോർജ് എച്ച്.എസ്.എസ് കുളത്തുവയൽ, ജൂനിയർ 800 മീറ്റർ, 1500 മീറ്റർ സ്വർണം, 400 മീറ്റർ വെള്ളി), എബിൻ കെ.ജെ (ഗവ. വി.എച്ച്.എസ്.എസ് കുന്നംകുളം, തൃശൂർ, സീനിയർ 400 മീറ്റർ, 200 മീറ്റർ സ്വർണം) തുടങ്ങി ഒരുപിടിമിന്നും താരങ്ങളുടെ കുതിപ്പിനും ഈ കായികമേള വേദിയായി.
സമ്മതിക്കണം, ദേശീയ ജൂനിയർ മീറ്റിനിടയിൽ സ്കൂൾ മീറ്റ് നടത്തിയവരെ (ബോക്സ്)
ചെന്നൈയിൽ ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റ് നടക്കുന്ന അതേസമയത്താണ് കോഴിക്കോട് സംസ്ഥാന സ്കൂൾ മീറ്റും നടന്നത്. സ്കൂൾ മീറ്റിൽ മത്സരിച്ച മികച്ച താരങ്ങളൊക്കെതന്നെയാണ് ജൂനിയർ മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കേണ്ടതും. ഓരോ വർഷവും ജനുവരിയിൽ തന്നെ അത്ലറ്റിക് ഫെഡറേഷൻ തങ്ങളുടെ മത്സര കലണ്ടർ പ്രഖ്യാപിക്കുന്നതാണ്. എന്നിട്ടും കൃത്യം അതേസമയത്തുതന്നെ സ്കൂൾ മീറ്റ് നടത്താൻ തീരുമാനിച്ച വിദ്യാഭ്യാസവകുപ്പിനെ സമ്മതിച്ചേ പറ്റൂ. ഇത് ഈ വർഷം മാത്രം സംഭവിച്ചതായിരുന്നെങ്കിൽ അബദ്ധമെന്ന് പറയാമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇതുതന്നെയായിരുന്നു സ്ഥിതി. മുഹമ്മദ് അഷ്ഫാഖ് എന്ന ഓട്ടക്കാരൻ കഴിഞ്ഞ വർഷം റാഞ്ചിയിലെ ജൂനിയർ മീറ്റ് കഴിഞ്ഞ് വിമാനം പിടിച്ച് തിരുവനന്തപുരത്തെത്തിയിട്ടും മിനിട്ടുകൾ വൈകിയതിനാൽ തന്റെ അവസാന സ്കൂൾ മീറ്റിൽ പങ്കെടുക്കാനാവാതെ സങ്കടപ്പെട്ടത് പാഠമായി മുന്നിലുണ്ടായിരുന്നിട്ടുകൂടിയാണ് ഇത്തവണയും കഥ ആവർത്തിച്ചത്.
കോഴിക്കോട് സ്കൂൾ മീറ്റിൽ കുട്ടികളുടെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നതിന് പ്രധാനകാരണമായി പരിശീലകർ ചൂണ്ടിക്കാട്ടുന്നതും ഇതാണ്. പലരും ചെന്നൈയിലെ മത്സരം കഴിഞ്ഞ് കയ്യിൽ നിന്ന് കാശുമുടക്കി വിമാനം കയറി കോഴിക്കോടുവന്നാണ് മത്സരിച്ചത്. ഈ ഓട്ടപ്പാച്ചിൽ ട്രാക്കിലെ ഓട്ടത്തെ ബാധിച്ചു. പലർക്കും കാശുപോയത് മിച്ചം. കീശയിൽ കാശില്ലാത്ത കുട്ടികൾക്ക് രണ്ടിലേതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടിവന്നു. പലരും സ്കൂളുകാരുടെ നിർബന്ധത്തിന് വഴങ്ങി ദേശീയ ജൂനിയർ മീറ്റ് ഉപേക്ഷിച്ചു. കഴിഞ്ഞതവണ ജൂനിയർ മീറ്റിൽ മെഡൽ നേടിയ കുട്ടികളും ഇത്തവണ പോകാത്തവരിലുണ്ട്.
ദേശീയ ക്യാമ്പിലേക്ക് എത്താനും ഇന്ത്യൻ സെലക്ടർമാരുടെ കണ്ണിൽപ്പെടാനും വേണ്ടത് ദേശീയ മീറ്റുകളിൽ മത്സരിക്കലാണ്. അതിന് തടയിടുന്ന വിദ്യാഭ്യാസവകുപ്പിന്റെ മീറ്റ് സംഘാടനം കായികമേഖലയ്ക്ക് ചെയ്യുന്നത് ദ്രോഹമാണ്. കഴിഞ്ഞ തവണ ദേശീയ മീറ്റിൽ മത്സരിച്ചതിനാലാണ് അഷ്ഫാഖ് ഇന്ത്യൻ ക്യാമ്പിലെത്തി അന്താരാഷ്ട്ര താരമായി മാറിയതും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയതെന്നും ഓർക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |