കാബൂൾ: 2021 ഓഗസ്റ്റ് 15ന് താലിബാൻ കാബൂളിൽ അധികാരം പിടിച്ചെടുത്തതിനുശേഷം അഫ്ഗാനിലെ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ. ഇപ്പോഴിതാ അഫ്ഗാനിലെ സാധാരണക്കാരായ സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങൾ നേരിട്ടുകണ്ടതിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഇന്ത്യൻ ട്രാവൽ ഇൻഫ്ലുവൻസർ ശരണ്യ.
സ്കൂൾ യൂണിഫോം ധരിച്ച ചെറിയ പെൺകുട്ടികളെ കണ്ടെങ്കിലും മുതിർന്ന സ്ത്രീകൾക്ക് പഠിക്കാൻ അനുമതിയില്ലെന്ന് ശരണ്യ പറയുന്നു. കാബൂളിൽ സ്ത്രീകൾ ബുർഖ ധരിച്ച് കൂട്ടമായാണ് മാർക്കറ്റിലേയ്ക്ക് പോകുന്നതെന്ന് ശരണ്യ പറയുന്നു. പ്രാദേശിക ചന്തകളിലും റെസ്റ്റോറന്റുകളിലും വച്ച് കണ്ടുമുട്ടിയവരിൽ പലരും തങ്ങൾക്ക് ഇന്ത്യയിലേക്ക് കടക്കാനുള്ള വിസയ്ക്ക് സഹായിക്കണമെന്ന് രഹസ്യമായി ആവശ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു.
സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ടവരുമുണ്ട്. തങ്ങളുടെ പെൺമക്കളുടെ ഭാവിയെയും വിദ്യാഭ്യാസത്തെയും കുറിച്ചോർത്ത് ആശങ്കപ്പെടുന്ന നിരവധി മാതാപിതാക്കൾ അഫ്ഗാനിലുണ്ടെന്ന് ശരണ്യ വീഡിയോയിൽ പറയുന്നു. തന്റെ രണ്ട് പെൺമക്കളുമായി രാജ്യത്തുനിന്ന് രക്ഷപ്പെടാൻ പണം സമ്പാദിക്കുകയാണെന്ന് പറഞ്ഞ പിതാവിന്റെ കഥയും അവർ പങ്കുവയ്ക്കുന്നുണ്ട്.
ഇക്കാരണങ്ങൾകൊണ്ട് അഫ്ഗാനിസ്ഥാനെ പൂർണമായി ബഹിഷ്കരിക്കരുതെന്ന് പറഞ്ഞ ശരണ്യ വിനോദസഞ്ചാരത്തിലൂടെ ലഭിക്കുന്ന വരുമാനം ഭരണകൂടവുമായി ബന്ധമില്ലാത്ത അവിടുത്തെ സാധാരണക്കാരായ ജനങ്ങൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസമാകുമെന്നും കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാൻ ഒരു സാധാരണ ടൂറിസ്റ്റ് കേന്ദ്രമല്ലെന്നും യാത്രാപരിചയവും പ്രതിസന്ധികളെ നേരിടാനുള്ള മാനസികാവസ്ഥയും ഉള്ളവർ മാത്രമേ അങ്ങോട്ട് യാത്രചെയ്യാവൂ എന്നും അവർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |