ബെയ്ജിംഗ്: ദക്ഷിണ ചൈനയിൽ കനത്ത നാശം വിതച്ച് മെയ്സാക് ചുഴലിക്കാറ്റ്. കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും രണ്ടുപേർ മരിക്കുകയും മൂന്ന് പ്രധാന അണക്കെട്ടുകൾ തകരുകയും ചെയ്തു. സുരക്ഷ മുൻനിർത്തി ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.
ദക്ഷിണ ചൈനയിലെ ഗുവാംഗ്സി പ്രവിശ്യയുടെ തലസ്ഥാനമായ നാനിംഗിൽ മാത്രം 55,000-ത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചതായാണ് റിപ്പോർട്ട്. ഏകദേശം 48,000 പേരെയാണ് നാനിംഗിൽ നിന്ന് മാത്രം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ചൈനീസ് അധികൃതർ കൂടുതൽ പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പല പ്രദേശങ്ങളിലും കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാൻ പത്തിലധികം ഡ്രോണുകൾ വിന്യസിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, ഫുലോംഗ് ഗ്രാമത്തിൽ ബൈക്കിൽ സഞ്ചരിക്കവെ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ രണ്ടുപേരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.
പ്രളയക്കെടുതിയെത്തുടർന്ന് ഗ്വാംഗ്സി മേഖലയിൽ റെയിൽ, ജലഗതാഗതം തടസപ്പെട്ടു. നാനിംഗിൽ നിന്ന് വിയറ്റ്‌നാമിലെ ഗിയ ലാമിലേക്കുള്ള അന്താരാഷ്ട്ര ട്രെയിൻ സർവീസുകളും മുന്നൂറിലധികം പാസഞ്ചർ ഫെറികളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |