
ടെഹ്‌റാൻ: മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാരച്ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാന്റെ പ്രകോപനം. മൂന്ന് കപ്പലുകൾക്ക് നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കപ്പലുകൾ ഇറാന്റെ അംഗീകൃത പതാക അവഗണിച്ച് ഒമാൻ തീരത്ത് കൂടി സഞ്ചരിച്ചതാണ് ആക്രമണ കാരണം. ഖത്തറിന്റെ ഭീമൻ എൽ.എൻ.ജി ടാങ്കറായ ' അൽ റെകായത് ', സൗദി അറേബ്യയുടെ സൂപ്പർ ടാങ്കർ വെദ്യാൻ എന്നിവയെ ഇന്നലെ പുലർച്ചെയും മറ്റൊരു വാണിജ്യക്കപ്പലിനെ (പേര് പുറത്തുവിട്ടിട്ടില്ല) വൈകിട്ടുമാണ് ആക്രമിച്ചത്. ജീവനക്കാർ സുരക്ഷിതരാണ്.
എൻജിൻ റൂമിൽ തീപിടിത്തമുണ്ടായ അൽ റെകായത് പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ട്. ആക്രമണത്തെ ഖത്തറും യു.എസും ശക്തമായി അപലപിച്ചു. ഇറാനിൽ യു.എസ് പ്രത്യാക്രമണം നടത്തുമോ എന്നാണ് ആശങ്ക.
ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾ തങ്ങൾ അംഗീകരിച്ച വടക്കൻ പാതയിലൂടെ സഞ്ചരിക്കണമെന്ന് ഇറാൻ നേരത്തെ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. സമാന്തര പാതകൾ ഉപയോഗിക്കുന്ന കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പുനൽകാൻ കഴിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
ജൂൺ 18ന് നിലവിൽ വന്ന ഇടക്കാല സമാധാന കരാർ പ്രകാരം ഹോർമുസിലെ ഗതാഗതം നിയന്ത്രിക്കാൻ അവകാശം തങ്ങൾക്കാണെന്നും മറ്റാരും ഇടപെടരുതെന്നും ഇറാൻ വാദിക്കുന്നു. ഹോർമുസ് കടക്കുന്ന കപ്പലുകൾ ഒമാൻ തീരത്തെ തെക്കൻ പാതയിലൂടെ നീങ്ങാൻ യു.എസ് നേവി സമ്മർദ്ദം ചെലുത്തുന്നതും ഇറാനെ ചൊടിപ്പിച്ചു.
യുദ്ധം അവസാനിച്ച ശേഷം കപ്പലുകളിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാനാണ് ഇറാന്റെ നീക്കം. ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ പണപ്പിരിവ് അനുവദിക്കില്ലെന്നുമാണ് യു.എസിന്റെ പക്ഷം. അതേ സമയം, ഹോർമുസിൽ ഇറാൻ ആക്രമണങ്ങൾ തുടർന്നാൽ സമാധാന ചർച്ചകൾക്ക് പ്രതികൂലമാകും.
ഖമനേയിയുടെ
മൃതദേഹം ഇറാക്കിലേക്ക്
ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ ഇന്ന് അയൽ രാജ്യമായ ഇറാക്കിലെത്തിക്കും. ബാഗ്‌ദാദിൽ സർക്കാർ ആദരമർപ്പിക്കും. തുടർന്ന് കർബലയിലും നജഫിലും വിലാപയാത്ര. നാളെ ഇറാനിലെ മഷാദിലെ വിശുദ്ധ ഇമാം റെസാ പള്ളിയിലാണ് സംസ്കാരം. ഇന്നലെ ക്വോമിൽ നടന്ന വിലാപയാത്രയ്ക്ക് ആയിരക്കണക്കിന് ഇറാനിയൻ ജനത സാക്ഷിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |