SignIn
Kerala Kaumudi Online
Sunday, 02 August 2026 10.23 AM IST

പെറുവിൽ വിനോദസഞ്ചാര വിമാനം തകർന്നു; നസ്‌ക രേഖാചിത്രങ്ങൾ കാണാൻ പുറപ്പെട്ട 13 പേർ മരിച്ചു

plane-crash
അപകടത്തിൽപ്പെട്ട വിമാനം

ലിമ: പെറുവിൽ വിനോദസഞ്ചാരികളുമായി പറന്ന വിമാനം തകർന്നുവീണ് 13 പേർ മരിച്ചു. ഇവരിൽ 11 പേർ വിനോദസഞ്ചാരികളും രണ്ടുപേർ വിമാനത്തിലെ ജീവനക്കാരുമാണ്. നസ്‌ക നഗരത്തിന് സമീപത്തെ വയലിലാണ് ശനിയാഴ്‌ച അപകടമുണ്ടായത്. പ്രാദേശിക ഭരണകൂടമാണ് അപകടവിവരം പുറത്തുവിട്ടത്.

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടംനേടിയ പ്രശ‌സ്‌തമായ നസ്‌ക രേഖാചിത്രങ്ങൾ കാണുന്നതിനായാണ് വിനോദസഞ്ചാരികളുമായി വിമാനം പുറപ്പെട്ടത്. നൂറ്റാണ്ടുകൾക്ക് മുൻപ് പെറുവിലെ തദ്ദേശീയർ മരുഭൂമിയിൽ സൃഷ്‌ടിച്ച ഭീമൻ ഭൂചിത്രങ്ങളാണ് നസ്‌ക രേഖകൾ. മൃഗങ്ങളുടെയും പക്ഷികളുടെയും രൂപത്തിലുള്ള ഈ ചിത്രങ്ങൾ വിമാനത്തിൽനിന്നോ നിരീക്ഷണ ഗോപുരങ്ങളിൽനിന്നോ മാത്രമാണ് വ്യക്തമായി കാണാനാകുക.

നസ്‌കയ്‌ക്ക്‌ സമീപനഗരമായ ഇകയിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. പെറുവിലെ എറോഡിയാന കമ്പനിയുടെ ഉടമസ്ഥതയിലുള്ള സെസ്‌ന ഗ്രാൻഡ് കാരവാൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ 14 വർഷമായി നസ്‌ക ലൈനിൽ സഞ്ചാരികൾക്ക് വിമാനയാത്രാ സൗകര്യം ഒരുക്കുന്ന കമ്പനിയാണ് എറോഡിയാന.

പെറു വ്യാപാര ടൂറിസം മന്ത്രാലയത്തിന്റെ വിവരമനുസരിച്ച് മരിച്ചവരിൽ രണ്ട് ജർമ്മൻ സ്വദേശികളും രണ്ട് സ്‌പാനിഷ് സ്വദേശികളും ഏഴ് ഇറ്റാലിയൻ സ്വദേശികളും ഉൾപ്പെടുന്നതായി സർക്കാർ വാർത്താ ഏജൻസിയായ ആന്റിന റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വിമാനക്കമ്പനിയായ എറോഡിയാന വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English Summary

A tourist plane crashed near Peru's Nazca Lines, killing all 13 people on board, including 11 foreign tourists. The cause of the crash is under investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PLANE CRASH, ACCIDENT, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360