
ന്യൂഡൽഹി: നിർണായക മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെത്തി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാൻ്റോ പ്രോട്ടോക്കോൾ മാറ്റിവച്ച് ജക്കാർത്ത വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി. പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്തോനേഷ്യൻ വ്യോമാതിർത്തിയിൽ അവരുടെ വ്യോമസേനാ യുദ്ധവിമാനങ്ങൾ അകമ്പടി സേവിച്ചു. ചരിത്രപ്രസിദ്ധ ക്ഷേത്ര നഗരമായ യോഗകാർത്ത അദ്ദേഹം സന്ദർശിക്കും.
ഇന്ന് നടക്കുന്ന ഔദ്യോഗിക ചർച്ചകൾക്ക് ശേഷം പ്രതിരോധം,സമുദ്ര സുരക്ഷ,ഡിജിറ്റൽ കണക്റ്റിവിറ്റി, നിർണായക ധാതുക്കൾ, വ്യാപാരം, നിക്ഷേപം, ഊർജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ സഹകരണവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനങ്ങളുണ്ടാകും.
ഇന്തോ-പസഫിക് സുരക്ഷ
മലാക്ക കടലിടുക്കിനോടു ചേർന്ന് സ്ഥിതി ചെയ്യുന്നതിനാൽ ഇന്തോ-പസഫിക് സമുദ്ര സുരക്ഷയിൽ ഇന്തോനേഷ്യയുടെ പങ്ക് നിർണായകമാണ്. ആഗോള വ്യാപാരവുമായി പ്രധാനപ്പെട്ട കടൽപാതകളുള്ളതിനാൽ മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ കുറെക്കാലമായി ശ്രമിച്ചുവരികയാണ്. ചൈനയുടെ ഇടപെടൽ കുറയ്‌ക്കുകയാണ് ലക്ഷ്യം.
പ്രതിരോധ സഹകരണം
റഷ്യയുമായി ചേർന്ന് ഇന്ത്യ വികസിപ്പിച്ച ബ്രഹ്‌മോസ് മിസൈൽ ഇന്തോനേഷ്യയ്‌ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ഉണ്ടായേക്കും.
വ്യാവസായിക പങ്കാളിത്തം, സാങ്കേതിക സംയോജനം, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ മേഖകളിൽ ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണം വർദ്ധിപ്പിക്കും.
യു.പി.ഐ ഇന്തോനേഷ്യയിലും
ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇന്തോനേഷ്യയിൽ പ്രവർത്തനസജ്ജമാകുന്നതിന്റെ പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു.ഇന്തോനേഷ്യയിൽ ഒന്നിലധികം പണമിടപാട് സംവിധാനങ്ങളുള്ളതിനാൽ സാങ്കേതിക തടസങ്ങൾ തരണം ചെയ്യേണ്ടി വരും.
നിക്കലിന്റെയും നിരവധി തന്ത്രപ്രധാനമായ ധാതുക്കളുടെയും ലോകത്തിലെ ഏറ്റവും വലിയ കരുതൽ ശേഖരമുള്ളതിനാൽ ഇന്തോനേഷ്യയുമായി നിർണായക ധാതു പങ്കാളിത്തത്തിൽ തന്ത്രപരമായ സഹകരണം പ്രഖ്യാപിച്ചേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |