
ടെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധഭീഷണിയുമായി തെരുവിലിറങ്ങി ആയിരക്കണക്കിന് ഇറാനിയൻ ജനത. ഇന്നലെ ടെഹ്റാനിൽ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിലാപയാത്ര അക്ഷരാർത്ഥത്തിൽ യു.എസ് വിരുദ്ധ റാലിയായി ആളിക്കത്തുകയായിരുന്നു.
ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വധിക്കുമെന്ന് എഴുതിയ ബാനറുകളുമായി ചിലർ എത്തിയപ്പോൾ, ട്രംപിന്റെ കോലം കത്തിച്ചും ചിത്രത്തിന് നേരെ കല്ലെറിഞ്ഞും ഒരു വിഭാഗം പ്രതിഷേധിച്ചു. അമേരിക്കൻ പതാകകൾ കത്തിച്ചു. ഖമനേയിയുടെ രക്തത്തിന് പകരംവീട്ടുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡും പ്രഖ്യാപിച്ചിരുന്നു.
രാവിലെ ഇമാം ഹുസൈൻ സ്‌ക്വയറിൽ തുടങ്ങിയ വിലാപയാത്ര 12 മണിക്കൂർ കൊണ്ട് മെഹ്‌റാബാദ് വിമാനത്താവളത്തിൽ അവസാനിച്ചു. പൊള്ളുന്ന ചൂടിനെ അവഗണിച്ച് ലക്ഷങ്ങൾ സാക്ഷിയായി. മൃതദേഹങ്ങൾ ഇന്ന് ക്വോം നഗരത്തിലെത്തിക്കും. വ്യാഴാഴ്ച മഷാദിലാണ് സംസ്കാരം.
സുരക്ഷാ ഭീഷണി മൂലം അജ്ഞാത കേന്ദ്രത്തിൽ തുടരുന്ന ഖമനേയിയുടെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ്തബാ ഖമനേയി മഷാദിലെ ചടങ്ങുകൾക്ക് എത്തിയേക്കും. അതേ സമയം, ചടങ്ങുകളിൽ പങ്കെടുത്ത ഇന്ത്യൻ സംഘത്തിന് ഇറാൻ നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |