
അക്ര : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഘാനയിൽ പ്രസിഡന്റ് ജോൺ മഹാമയെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കുറ്റത്തിന് ടിക്ടോക്കർക്ക് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ചു.
കഴിഞ്ഞ മാസവും ഈ മാസത്തിന്റെ ആദ്യവും മഹായെ പറ്റിയുള്ള വീഡിയോകൾ പങ്കുവച്ച കാമില്ല അൽ ഹസ്സൻ എന്ന ടിക്ടോക്കർ ആണ് അഴിക്കുള്ളിലായത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രസിഡന്റ് 32 പശുക്കളെ ആചാരങ്ങളുടെ ഭാഗമായി ബലി നൽകിയെന്നാണ് തെളിവുകളില്ലാതെ ഇവർ ആരോപിച്ചത്.
അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ചവർക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യാനുള്ള സർക്കാർ പദ്ധതി, പ്രസിഡന്റ് ചെയ്ത ഈ ആചാരങ്ങൾ മറച്ചുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും 43കാരിയായ കാമില്ല ആരോപിച്ചിരുന്നു. വീഡിയോകൾ വൈറലായ പിന്നാലെ അടുത്തിടെയാണ് കാമില്ലയെ അറസ്റ്റ് ചെയ്തത്. കാമില്ല കോടതിയിൽ കുറ്റംസമ്മതിച്ചു. കുറഞ്ഞ ശിക്ഷ നൽകണമെന്ന ഇവരുടെ അപേക്ഷ ജഡ്ജി തള്ളി.
ടിക്ടോക്കിൽ 70,000 ത്തിലധികം ഫോളോവേഴ്‌സുള്ള കാമില്ല പതിവായി വ്യാജ വാർത്തകർ പ്രചരിപ്പിച്ചതായി പ്രോസിക്യൂട്ടർമാർ വാദിച്ചു. അതേ സമയം, ഘാനയിൽ ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജയിലിലാകുന്നത് ഇത് ആദ്യമല്ല.
കഴിഞ്ഞ സെപ്തംബറിൽ ഒരു ടിക്ടോക്കർക്ക് കോടതി ഏഴ് മാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. വധഭീഷണി മുഴക്കിയതിനും സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ പെരുമാറിയതിനുമായിരുന്നു ശിക്ഷ. ഒരു വൈറൽ വീഡിയോയിലൂടെ മഹാമയെയും പാർലമെന്റ് അംഗങ്ങളെയും കൊല്ലുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |